ഇതില്‍ മുഖ്യമന്ത്രി എന്തു പ്രതികരിക്കാന്‍?; പുറത്തുവന്നത് അപ്രധാനമായ രേഖയെന്ന് പി രാജീവ്

'പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമാണുള്ളത്'
പി രാജീവ് /ഫയല്‍
പി രാജീവ് /ഫയല്‍

തിരുവനന്തപുരം:  എഐ ക്യാമറ ഇടപാടില്‍ വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. വിവാദങ്ങള്‍ പ്രതിപക്ഷം സൃഷ്ടിക്കുന്ന വെറും പുകമറ മാത്രമാണ്. ഏത് അന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പദ്ധതിയില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ബന്ധുവും പ്രസാഡിയോയും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ തെളിവുകൊണ്ടുവരട്ടെ. പുറത്തുവന്നത് അപ്രധാനമായ രേഖയാണ്. ഇതുവച്ച് എന്തു പ്രതികരിക്കാനാണ്?. ടെന്‍ഡറില്‍ ആക്ഷേപമുണ്ടെങ്കില്‍ കോടതിയില്‍ പോകണ്ടേയെന്നും മന്ത്രി ചോദിച്ചു. 

' 232 കോടിയുടെ കരാര്‍ തുക ക്യാമറക്ക് വേണ്ടി മാത്രമല്ല. ഡാറ്റ ഓപ്പറേറ്റര്‍, മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയ 146 ഓളം വരുന്ന ജീവനക്കാരുടെ അഞ്ചുവര്‍ഷത്തെ ശമ്പളം, മറ്റു സാങ്കേതികതകള്‍, നിയമലംഘനം നടത്തുന്നവര്‍ക്ക് പോസ്റ്റ് വഴി നോട്ടീസ് നല്‍കുന്നതിനുള്ള ചെലവ്, നികുതി, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതിബില്‍ എന്നിവയെല്ലാം ചേര്‍ത്താണ് കരാര്‍' എന്നും മന്ത്രി പറഞ്ഞു.

ഉപകരാര്‍ എടുത്ത കമ്പനിയുടെ ആരോ ഒരു ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന്റെ പണം നല്‍കാനുള്ള രേഖ കാണിച്ചിട്ട് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണ്. പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമാണുള്ളത്. പ്രകാശ് ബാബുവിന്റെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന്റെ രേഖയാണ് പുറത്തു വന്നത്. 

ഇതുവെച്ച് മുഖ്യമന്ത്രി എന്തു പ്രതികരിക്കാനാണ്?. സൂം മീറ്റിങ്ങില്‍ പങ്കെടുത്തതിന് രേഖയുണ്ടെങ്കില്‍ ഹാജരാക്കട്ടെ. കെല്‍ട്രോണ്‍ നടത്തിയിട്ടുള്ള നടപടികള്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിശോധിക്കും. നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ രമേശ് ചെന്നിത്തല ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. നാട്ടിലെ നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുന്നത് അതീവ ഗൗരവമായ കുറ്റമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com