'ആ പൂതിയൊന്നും ഏശില്ല; കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട'

സര്‍ക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാകുമെന്ന് അവര്‍ നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍ പ്രസംഗിക്കുന്നു/ ഫെയ്‌സ്ബുക്ക്
പിണറായി വിജയന്‍ പ്രസംഗിക്കുന്നു/ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ നിറംകെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട.  ആ പൂതിയൊന്നും ഏശില്ല. ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.

സര്‍ക്കാരിന് താത്പര്യം വികസനത്തിലാണ്. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാകുമെന്ന് അവര്‍ നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഭരണത്തില്‍ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. പരമ്പരാഗത ഫയല്‍ നീക്ക രീതികള്‍ മാറി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളമാണ് രാജ്യത്തെ ആഴിമതി കുറഞ്ഞ സംസ്ഥാനം. അതില്‍ സര്‍ക്കാര്‍ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിന് വേണ്ടത്. നാടിന്റെ പൊതുവായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ അതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. നാടിന്റെ പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജനങ്ങളെ മുന്നില്‍ കണ്ടുളള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണ്ടത്.  സാമ്പത്തികമായി വലിയ ശേഷിയില്ലാത്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ അതിന്റെ പേരില്‍ പക്ഷെ ഒരു വികസന പ്രവര്‍ത്തനവും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

യുഡിഎഫിന്റെ ദുസ്ഥിതിയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. കയ്യിലിരിപ്പാണ് യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021 ല്‍ എന്തൊക്കെ കോലാഹലങ്ങളായിരുന്നു. എന്നിട്ട് എന്തുണ്ടായി. ജനങ്ങള്‍ ഒന്നാകെ എല്‍ഡിഎഫിനൊപ്പം നിന്നു.  എല്ലാ വികസനങ്ങളും തടയുന്നതില്‍ ബിജെപിയും യുഡിഎഫും ഒരേ മാനസികാവസ്ഥയില്‍ ആണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങള്‍ ഉന്നയിക്കുക ഒന്നും ഏല്‍ക്കുന്നില്ല. യുഡിഎഫ് സംസ്‌ക്കാരത്തിലല്ല എല്‍ഡിഎഫ് നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 


ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com