'1961ല്‍ ഇലഞ്ഞിത്തറ മേളം കൊട്ടിയ അനിയന്‍ മാരാര്‍ 1977ല്‍ വന്ന കുട്ടന്‍മാരാരുടെ ജൂനിയറാവുന്നത് എങ്ങനെയാണ്?' 

ഏതെങ്കിലും വാദ്യകലാകാരന് ലീവ് കൊടുക്കുന്ന രീതി പാറമേക്കാവ് ദേവസ്വത്തിനില്ല
പെരുവനം കുട്ടന്‍ മാരാര്‍ /ഫയല്‍
പെരുവനം കുട്ടന്‍ മാരാര്‍ /ഫയല്‍

തൃശൂര്‍: പൂരം മേളപ്രമാണ സ്ഥാനത്തുനിന്നു മാറ്റിയ പ്രമുഖ വാദ്യകലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍ പാറമേക്കാവ് ദേവസ്വത്തെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ഭരണസമിതി. അസംബന്ധമായ പ്രസ്താവനകളിലൂടെ അദ്ദേഹം രംഗംവിട്ടൊഴിയാതെ നില്‍ക്കുകയാണെന്ന് ഭരണ സമിതി കുറ്റപ്പെടുത്തി.

ഇലഞ്ഞിത്തറ മേളത്തില്‍നിന്നു താന്‍ ലീവ് എടുത്തിരിക്കുകയാണെന്നും ഇപ്പോഴത്തെ മേളപ്രമാണിയായ കിഴക്കൂട്ട് അനിയന്‍മാരാര്‍ തന്റെ ജൂനിയര്‍ ആണെന്നും കുട്ടന്‍മാരാര്‍ പറഞ്ഞതു ശ്രദ്ധയില്‍ പെട്ടു. ഏതെങ്കിലും വാദ്യകലാകാരന് ലീവ് കൊടുക്കുന്ന രീതി പാറമേക്കാവ് ദേവസ്വത്തിനില്ല.1961 മുതല്‍ ഇലഞ്ഞിത്തറ മേളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അനിയന്‍ മാരാര്‍ 1977ല്‍ മാത്രം ഇലഞ്ഞിത്തറ മേളത്തിന് എത്തിയ കുട്ടന്‍മാരാരുടെ ജൂനിയറാവുന്നത് എങ്ങനെയാണ്? നിര്‍ഭാഗ്യകരവും അബദ്ധജടിലവുമായ പ്രസ്താവനകള്‍ നടത്തുന്നത് കുട്ടന്‍മാരാര്‍ക്കു ഭൂഷണമല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

കുട്ടന്‍മാരാരെ പ്രമാണ സ്ഥാനത്തുനിന്നു മാറ്റുന്നതിന് കാരണമായി പാറമേക്കാവ് ദേവസ്വം നല്‍കുന്ന വിശദീകരണം ഇങ്ങനെ: ജനുവരി ആറിന് പാറമേക്കാവ് വേല ആഘോഷത്തിന്റെ ഭാഗമായി മണികണ്ഠനാലില്‍ മേളം നിരന്നപ്പോള്‍ നേരത്തെ തീരുമാനിച്ചിരുന്ന പട്ടികയില്‍ ഇല്ലാതിരുന്ന, പെരുവനം കുട്ടന്‍മാരാരുടെ മകന്‍ കാര്‍ത്തിക്കിനെ മുന്‍നിരയില്‍ നിര്‍ത്തി. നേരത്തെ തീരുമാനിച്ച ശങ്കരന്‍കുളങ്ങര രാധാകൃഷ്ണനെ പിന്‍നിരയിലേക്കു മാറ്റിയാണ് ഇതു ചെയ്തത്. ഇതേക്കുറിച്ചു മേളപ്രമാണിയോടു ചോദിച്ചപ്പോള്‍  പറഞ്ഞത് മകനെ മാറ്റിനിര്‍ത്താനാവില്ലെന്നാണ്. എന്നാല്‍ ദേവസ്വം തീരുമാനം നടപ്പാക്കണമെന്ന് നിര്‍ദേശിച്ചത് അനുസരിച്ച് ഇരുവരം സ്ഥാനം മാറി. ഇതോടെ ചെണ്ട താഴെ വച്ച കുട്ടന്‍ മാരാര്‍ മേളം നിര്‍ത്തി പോവുകയാണെന്ന് ദേവസ്വം ഭാരവാഹികളുടെ സമീപം എത്തി ഭീഷണി സ്വരത്തില്‍ പറയുകയാണ് ചെയ്തത്. രംഗം വഷളാക്കരുതെന്ന് ആവശ്യപ്പെട്ടങ്കിലും കുട്ടന്‍ മാരാര്‍ ചെവിക്കൊണ്ടില്ല. 

കഴിഞ്ഞ വര്‍ഷത്തെ പൂരം ഇലഞ്ഞിത്തറ മേളത്തിന് സ്വന്തം മകനെ താനുള്ളപ്പോള്‍ മുന്‍നിരയില്‍ നിര്‍ത്തി കൊട്ടിക്കണമെന്ന ആഗ്രഹം കുട്ടന്‍ മാരാന്‍ ദേവസ്വത്തെ അറിയിച്ചിരുന്നു. ഒരു വര്‍ഷത്തേക്കു മാത്രമായി ഇത് അനുവദിക്കുകയും ചെയ്തു. ഒരു വര്‍ഷത്തേക്കു മാത്രമായി നല്‍കിയ ആ അനുമതിക്കു വിരുദ്ധമായിട്ടാണ് വേലയ്ക്ക് മകനെ നിര്‍ത്താന്‍ പെരുവനം ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷവും ശങ്കരന്‍കുളങ്ങര രാധാകൃഷ്ണനെ കുട്ടന്‍ മാരാര്‍ ആക്ഷേപിച്ചിരുന്നു. അന്നത് പറഞ്ഞ് അവസാനിപ്പിച്ചതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com