കൂടത്തായി കൂട്ടക്കൊലക്കേസിൽ വീണ്ടും കൂറുമാറ്റം; സിപിഎം നേതാവായ അഭിഭാഷകൻ കൂറുമാറി

അസ്സൽ വിൽപത്രം കേസിലെ പ്രതിയായ ജോളി തന്നെ കാണിച്ചതായിട്ടാണ് നേരത്തെ മൊഴി നൽകിയിരുന്നത്
ജോളി ,ഫയല്‍ ചിത്രം
ജോളി ,ഫയല്‍ ചിത്രം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം. അഭിഭാഷകനായ സി വിജയകുമാറാണ് കൂറുമാറിയത്. റോയ് തോമസ് വധക്കേസിലെ 156 -ാം സാക്ഷിയായിരുന്നു ഇയാള്‍. അസ്സൽ വിൽപത്രം കേസിലെ പ്രതിയായ ജോളി തന്നെ കാണിച്ചതായിട്ടാണ് നേരത്തെ മൊഴി നൽകിയിരുന്നത്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സി വിജയകുമാര്‍. 

കേസിൽ നേരത്തേയും ഒരു സാക്ഷി കൂറുമാറിയിരുന്നു. കട്ടാങ്ങൽ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീൺ കുമാർ എന്നയാളാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ മൊഴിമാറ്റിയത്. ജോളിയുമായി ചേർന്ന് വ്യജ വിൽപ്പത്രം തയ്യാറാക്കിയെന്ന കേസിൽ നാലാം പ്രതിയാണ് മനോജ് കുമാർ. നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഇയാളെ അടുത്തറിയാമെന്നും 15 വർഷം ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നുമാണ് പ്രവീൺ നൽകിയ മൊഴി. തെളിവെടുപ്പ് വേളയിൽ പൊലീസിന്‍റെ മഹദ്സറിൽ സാക്ഷിയായി ഒപ്പ് വെച്ചതും പ്രവീണായിരുന്നു. എന്നാൽ തനിക്ക് പ്രതികളെ അറിയില്ലെന്നും പൊലീസ് തന്ന ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നുമാണ് വിചാരണ വേളയിൽ ഇയാൾ കോടതിയിൽ പറഞ്ഞത്.

കൂടത്തായി കൂട്ടക്കൊല കേസുകളിലെ റോയ് തോമസ് വധക്കേസില്‍ സാക്ഷി വിസ്താരമാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്. മൊത്തം 158 സാക്ഷികളാണ് കേസിലുള്ളത്. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ജോളി ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയത്. ഇതില്‍ അഞ്ചെണ്ണവും സയനൈഡ് ഉപയോഗിച്ചായിരുന്നു. 

2002ലാണ് ആദ്യ കൊലപാതകം നടത്തിയത്. ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസ്. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എംഎം മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലി. ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com