സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം
ആരോഗ്യ മന്ത്രി സുജാതയെ കണ്ട് സന്തോഷം പങ്കുവെച്ചു/ ചിത്രം ഫെയ്‌സ്‌ബുക്ക്
ആരോഗ്യ മന്ത്രി സുജാതയെ കണ്ട് സന്തോഷം പങ്കുവെച്ചു/ ചിത്രം ഫെയ്‌സ്‌ബുക്ക്

കോട്ടയം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ വിജയം. ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളജിലെത്തി മുഴുവൻ ടീമിനേയും അഭിനന്ദിച്ചു.

ഒപ്പം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരിൽ കണ്ട് സന്തോഷം പങ്കുവെച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കൽ കോളജിലെ ടീം അംഗങ്ങളും ചേർന്നാണ് യാത്രയാക്കിയത്. കോട്ടയം മെഡിക്കൽ കോളജിൽ ഇതോടെ
നാല് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് വിജയിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് സുജാതയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് മസ്തിഷ്‌ക മരണത്തെ തുടർന്ന് സുജാതയ്ക്ക് നൽകിയത്. സുജാതയുൾപ്പെടെ ഏഴ് പേരെയാണ് കൈലാസ് നാഥ് ജീവതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.

കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ് ശങ്കർ, സൂപ്രണ്ട് ഡോ. ജയകുമാർ, സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആർഎസ് സിന്ധു എന്നിവരുടെ നേതൃത്വത്തിൽ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ടി വി മുരളി, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷീല വർഗീസ്, റേഡിയോളജി വിഭാഗം മേധാവി ഡോ. സജിത, മെഡിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സന്ദേശ്, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. രതീഷ് കുമാർ, സർജറി വിഭാഗം ഡോ. സന്തോഷ് കുമാർ, മറ്റ് ഡോക്ടർമാർ, നഴ്സിംഗ് ടീം, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com