മോശമായി പെരുമാറിയെന്ന് വിദ്യാർഥിനിയുടെ പരാതി: എം ജി കോളജ് മുൻപ്രിൻസിപ്പലിന്റെ ഗൈഡ് പദവി റദ്ദാക്കി 

മോശമായി പെരുമാറിയെന്നാരോപിച്ച് ഗവേഷകവിദ്യാർഥിനി നൽകിയ പരാതി സർവകലാശാലയുടെ ആഭ്യന്തര അന്വേഷണസമിതി ശരിവെച്ചതിനെത്തുടർന്നാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഗവേഷകവിദ്യാർഥിനിയുടെ പരാതിക്ക് പിന്നാലെ എം ജി കോളജ് മുൻപ്രിൻസിപ്പൽ നന്ത്യത്ത് ഗോപാലകൃഷ്ണന്റെ ഗൈഡ് പദവി കേരള സർവകലാശാല റദ്ദാക്കി. മോശമായി പെരുമാറിയെന്നാരോപിച്ച് ഗവേഷകവിദ്യാർഥിനി നൽകിയ പരാതി സർവകലാശാലയുടെ ആഭ്യന്തര അന്വേഷണസമിതി ശരിവെച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഗൈഡ് പദവി റദ്ദാക്കാന്‌‍ തീരുമാനിച്ചത്. 

‌അധ്യാപകന്റെ പെരുമാറ്റവും സമീപനവും കടുത്ത മാനസികസംഘർഷം സൃഷ്ടിച്ചെന്നാരോപിച്ച് ഒരുവർഷം മുമ്പാണ് വിദ്യാർഥിനി പരാതിനൽകിയത്. 2021 വിദ്യാർഥിനി കോളജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ആദ്യം അധ്യാപകനെ മാറ്റി നടപടി സ്വീകരിച്ച സർവകലാശാല വിദ്യാർഥിനി ആരോപണത്തിൽ ഉറച്ചുനിന്നതോടെ പരാതി ആഭ്യന്തര അന്വേഷണസമിതിക്കു കൈമാറുകയായിരുന്നു. പരാതി ശരിവെച്ച് ആഭ്യന്തരസമിതി റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ അധ്യാപകന്റെ ഗൈഡ് പദവി റദ്ദാക്കാൻ തീരുമാനിച്ചെന്ന് കേരള സർവകലാശാലാ അധികൃതർ പറഞ്ഞു.

അതേസമയം, സിൻഡിക്കേറ്റ് നടപടിക്കെതിരേ കേരള സർവകലാശാലാ വൈസ് ചാൻസലർക്കു പരാതി നൽകുമെന്ന് നന്ത്യത്ത് ഗോപാലകൃഷ്ണൻ പറഞ്ഞു. അന്വേഷണസമിതിമുമ്പാകെ തെളിവുസഹിതം തന്റെ ഭാഗം വിശദീകരിച്ചിരുന്നെന്നും തീരുമാനം പുനഃപരിശോധിക്കാൻ വി സിക്ക് പരാതിനൽകുമെന്നും അദ്ദേഹം പറഞ്ഞു. വി സിയുടെ അസാന്നിധ്യത്തിലാണ് സിൻഡിക്കേറ്റ് നടപടിയെടുത്തതെന്നാണ് അറിയുന്നത്. ഇതിനുപിന്നിൽ ആരുടെയോ ആസൂത്രണമുണ്ട്, അദ്ദേ​ഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com