അതിക്രമങ്ങളില്‍ ജയില്‍ ശിക്ഷ കുറഞ്ഞത് ആറ് മാസവും ഏഴ് വര്‍ഷവും; രണ്ട് ലക്ഷം വരെ പിഴ; ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍

ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതും അസഭ്യം പറയുന്നതുള്‍പ്പടെ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതും അസഭ്യം പറയുന്നതുള്‍പ്പടെ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. 

കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭ ഓര്‍ഡിനന്‍സ് അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ഗവര്‍ണര്‍  ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതോടെ ഈ നിയമം പ്രാബല്യത്തില്‍ വന്നു.ഇതോടെ ആശുപത്രിയില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയോ, ചെയ്യാന്‍ ശ്രമിക്കാന്‍ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ അതിന് പ്രചോദനം നല്‍കുകയോ ചെയ്താല്‍ ആറ് മാസത്തില്‍ കുറയാതെ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും അന്‍പതിനായിരത്തില്‍ കുറയാതെ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. 

ആരോഗ്യപ്രവര്‍ത്തകരെ ദേഹോപദ്രവം ഏല്‍പ്പിച്ചാല്‍ ഒരുവര്‍ഷത്തില്‍ കുറയാതെ ഏഴുവര്‍ഷം വരെ തടവുശിക്ഷയാണ് ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ഒരു ലക്ഷത്തില്‍ കുറയാതെ അഞ്ച് ലക്ഷം രൂപയാണ് പിഴ. ഈ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഓഫീസറായിരിക്കും അന്വേഷണം നടത്തുക. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തികനകം അന്വേഷണം പൂര്‍ത്തിയാക്കണം. 

നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. 

ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com