'നേരത്തേ തന്നെ ഷിബിലി എടിഎം പിന്‍ മനസ്സിലാക്കി, കൊലപാതകത്തിനു പിന്നാലെ പണം പിന്‍വലിച്ചു'

സിദ്ദിഖ് അറിഞ്ഞുകൊണ്ടാണ് ഹോട്ടലില്‍ മുറിയെടുത്തത്
കൊല്ലപ്പെട്ട സിദ്ദിഖ്, പിടിയിലായ ഷിബിലിയും ഫർഹാനയും
കൊല്ലപ്പെട്ട സിദ്ദിഖ്, പിടിയിലായ ഷിബിലിയും ഫർഹാനയും

കോഴിക്കോട്: ഹോട്ടലില്‍ ജോലി ചെയ്യുന്ന സമയത്തു തന്നെ സിദ്ദിഖിന്റെ എടിഎം പിന്‍ ഷിബിലി മനസ്സിലാക്കിയിരുന്നുവെന്നാണ് കരുതുന്നതെന്ന് പൊലീസ്. അതുകൊണ്ടാണ് എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു. 

സിദ്ദിഖ് അറിഞ്ഞുകൊണ്ടാണ് ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ ഹണി ട്രാപ്പിനെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഫര്‍ഹാനയെ സിദ്ദിഖിന് നേരത്തെ അറിയാം. ഫര്‍ഹാനയുടെ പിതാവും സിദ്ദിഖുമായി പരിചയമുണ്ട്. ഫര്‍ഹാന ഫോണില്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഷിബിലിക്കു ഹോട്ടലില്‍ ജോലി കൊടുത്തത്. ഫര്‍ഹാനയും സിദ്ദിഖും തമ്മില്‍ മുമ്പ് സാമ്പത്തിക ഇടപാടുണ്ടായിരുന്നതിന്റെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടുക തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഷിബിലിയാണ് സിദ്ദിഖിനെ ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തിയത്. ഷിബിലിയെ സിദ്ദിഖിന്റെ ഹോട്ടലില്‍നിന്നു ഷിബിലിയെ പിരിച്ചുവിട്ടിരുന്നു എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 

19ന് രാത്രിയാണ് മൃതദേഹം ചുരത്തില്‍നിന്നു വലിച്ചെറിഞ്ഞത്. അത് ആഷിക്കിന്റെ ആശയമാണ്. അയാള്‍ക്ക് ആ സ്ഥലം നന്നായി അറിയാം. സിദ്ദിഖിന്റെ കാറില്‍ മൂന്നു പേരും ചേര്‍ന്നാണ് മൃതദേഹം അടങ്ങിയ ബാഗ് കൊണ്ടുപോയത്. അതിനു ശേഷം കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചു. ഫര്‍ഹാനയെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തു. 

24ന് വെളുപ്പിനാണ് ഷിബിലിയും ഫര്‍ഹാനയും ട്രെയിന്‍ കയറി ചെന്നൈയ്ക്കു പോയത്. അവിടുന്ന് അസമിലേക്കു കടക്കാനായിരുന്നു പദ്ധതി. അവിടേക്കുള്ള ട്രെയിനില്‍ കയറുന്നതിനു മുമ്പു പിടിയിലായി. 

സിദ്ദിഖിന്റെ മൃതദേഹം ട്രോളി ബാഗില്‍ കയറുന്നില്ലെന്നു കണ്ടപ്പോളാണ് കഷണങ്ങളാക്കാന്‍ പ്രതികള്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി നഗരത്തിലെ കടയില്‍നിന്നു കട്ടര്‍ വാങ്ങുകയായിരുന്നെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു. 

കൊലപാതകം നടത്തിയ ദിവസം മാനാഞ്ചിറയിലെ കടയില്‍നിന്ന് ഒരു ട്രോളി ബാഗാണ് ആദ്യം വാങ്ങിയത്. അതില്‍ മൃതദേഹം കയറുന്നില്ലെന്നു കണ്ടപ്പോള്‍ അടുത്ത ദിവസം പോയി കട്ടര്‍ വാങ്ങിച്ചു. ഒപ്പം ഒരു ട്രോളി ബാഗ് കൂടി വാങ്ങി. 

കൊലപാതകം നടത്തിയ മുറിയുടെ ബാത്ത് റൂമില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. അതു രണ്ടു ട്രോളി ബാഗില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും രക്തം തുടച്ച വസ്ത്രങ്ങളുമെല്ലാം മറ്റൊരിടത്ത് ഇട്ടു. ഇത് എവിടെയൊക്കെയന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞിട്ടുണ്ട്. ഇവരെ ഇവിടെ എത്തിച്ച് തെളിവെടുപ്പു നടത്തുമെന്ന് പൊലീസ് പറഞ്ഞു. 

കൊല ഹണി ട്രാപ്പ് ശ്രമത്തിനിടെ

കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് ശ്രമത്തിനിടെയെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദിഖ് എതിര്‍ത്തപ്പോള്‍ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 

ഫര്‍ഹാനയും ഷിബിലും ആഷിഖും ചേര്‍ന്നാണ് ഹണി ട്രാപ്പിനു പദ്ധതിയിട്ടത്. ഹോട്ടലിലേക്കു വിളിച്ചു വരുത്തി സിദ്ദിഖിന്റെ നഗ്നഫോട്ടോ എടുക്കുകയായിരുന്നു പദ്ധതി. ഫോട്ടോ എടുക്കുന്നതിനെ സിദ്ദിഖ് എതിര്‍ത്തപ്പോള്‍ കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. 

ഫര്‍ഹാനയാണ് ബാഗില്‍ ചുറ്റിക കരുതിയിരുന്നത്. സിദ്ദിഖ് എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ നേരിടാനായിരുന്നു ഇത്. ഇതുകൊണ്ട് ഷിബിലി അടിക്കുകയായിരുന്നു. ആഷിക്ക് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ ചവിട്ടിയൊടിച്ചു. മൂന്നു പേരും കൂടി സിദ്ദിഖിനെ ആക്രമിക്കുകയായിരുന്നു. ഷിബിലി കയ്യില്‍ കത്തി കരുതിയിരുന്നെന്നും പൊലീസ് മേധാവി പറഞ്ഞു. 

ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനെയെയും തിരൂരില്‍ എത്തിച്ചു വിശദമായ ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

സിദ്ദിഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കുമൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ട്രോളിബാഗില്‍ അട്ടപ്പാടി ചുരംവളവില്‍ ഉപേക്ഷിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com