'കേരളത്തിന് എതിരെ എന്തെല്ലാം ചെയ്യാമെന്നാണ് ഒരു മന്ത്രി പുങ്കവന്‍ ആലോചിക്കുന്നത്'; വി മുരളീധരന് എതിരെ മുഖ്യമന്ത്രി

കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ് ഒരു മന്ത്രി പുങ്കവന്‍ ആലോചിക്കുന്നത്. വാര്‍ത്താസമ്മേളനം വിളിച്ചവതരിപ്പിച്ച കണക്ക് എവിടെ നിന്ന് കിട്ടിയതാണ്?. എന്തും പറയാമെന്ന മട്ടിലുള്ള കണക്കാണ് അവതരിപ്പിക്കുന്നത്. കണക്കില്‍ നേരും നെറിയും പുലര്‍ത്താന്‍ തയ്യാറാകണം. സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ശമ്പളം കൊടുക്കുന്നത് പോലും എങ്ങിനെയെന്ന് കാണട്ടെയെന്ന് ചിന്തിക്കുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.'- അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

പ്രതിപക്ഷത്തിന് എതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിനെ കേരളത്തിലെ പ്രതിപക്ഷം പരോക്ഷമായി പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

അഭിപ്രായം പറയാന്‍ സമയമായിട്ടില്ലെന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് പറയുന്നത്. ഇപ്പോഴല്ലെങ്കില്‍ പിന്നെയെപ്പോഴാണ് അഭിപ്രായം പറയുക?. കേരളത്തിന് നല്‍കേണ്ടതെല്ലാം നല്‍കിയെന്ന് കേന്ദ്ര മന്ത്രി പറയുന്നതും അഭിപ്രായം പറയാനായില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതും തമ്മില്‍ വ്യത്യാസമില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേന്ദ്രമന്ത്രി മുരളീധരന് എതിരെ സംസ്ഥാന പൊതുമരമാത്ത-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തി. മലയാളിയായ കേന്ദ്രമന്ത്രി കേരളത്തിന്റെ ആരാച്ചാറിനെപ്പോലെ തുള്ളിച്ചാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായ്പാപരിധി വെട്ടിക്കുറക്കുന്നത് ഒരാള്‍ക്കും സന്തോഷത്തിന് വക നല്‍കുന്ന കാര്യമല്ലെന്നും സംസ്ഥാനത്തിന്റെ അവകാശമായ വായ്പാപരിധി വെട്ടിക്കുറച്ചതില്‍ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'മലയാളിക്ക് മാത്രമല്ല, ഒരാള്‍ക്കും സന്തോഷത്തിന് വക നല്‍കുന്ന കാര്യമല്ല ഒരു സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറക്കുന്നത്. സംസ്ഥാനത്തിന്റെ അവകാശമാണിത്. അങ്ങനെയുള്ള ഒരു വിഷയത്തില്‍ ഒരു കേന്ദ്രമന്ത്രി സന്തോഷിക്കുക. അതും ഒരു മലയാളി. അത് വല്ലാത്തൊരു മാനസികാവസ്ഥ തന്നെയാണ്. 8000 കോടി രൂപയാണ് ഇത്തവണ വെട്ടിക്കുറച്ചത്. 32,000 കോടി രൂപയാണ് നമ്മള്‍ ആവശ്യപ്പെട്ടത്. ഇരുപത്തിമൂവായിരത്തോളം ഉണ്ടായിരുന്നത് ഇപ്പോള്‍ 15,000 കോടിയിലേക്കെത്തി. ഇതില്‍ മലയാളിയായ ഒരു കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിച്ചാടുകയാണ്. കേരളത്തിന്റെ ആരാച്ചാറിനെപ്പോലെയാണ് അദ്ദേഹം പെരുമാറിക്കൊണ്ടിരിക്കുന്നത്.

യഥാര്‍ഥത്തില്‍ സംസ്ഥാനത്തിന് വേണ്ടി ഇടപെട്ട് മുന്നോട്ട് പോകേണ്ട വ്യക്തിയല്ലേ അദ്ദേഹം?. കേന്ദ്രസര്‍ക്കാരില്‍ അദ്ദേഹത്തിനുള്ള സ്വാധിനം ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളെയാകെ പ്രയാസത്തിലേക്ക് തള്ളിവിടുന്ന ഒരു നീക്കത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കണ്ടേ? ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും ഇത് ബാധിക്കാന്‍ പോകുവല്ലേ. എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ ഒരു മലയാളിയായ കേന്ദ്രമന്ത്രി തുള്ളിച്ചാടരുതല്ലോ? കേരളത്തിന്റെ ആരാച്ചാറിനെ പോലെ കേന്ദ്രമന്ത്രി പെരുമാറുന്നത് ദൗര്‍ഭാഗ്യകരമാണ്.'-അദ്ദേഹം പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com