സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാവില്ല: ഹൈക്കോടതി

സിബില്‍ സ്‌കോര്‍ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: സിബില്‍ സ്‌കോര്‍ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ നാളത്തെ രാഷ്ട്രനിര്‍മാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷകൡ മനുഷ്യത്വത്തോടെയുള്ള സമീപനം വേണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ആലുവ സ്വദേശിയായ നോയല്‍ പോള്‍ ഫ്രെഡി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭോപ്പാല്‍ ക്യാംപസില്‍ ബിടെക് വിദ്യാര്‍ഥിയാണ് നോയല്‍. അവസാന സെമസ്റ്റര്‍ ഫീ നല്‍കുന്നതിനായാണ് വിദ്യാഭ്യാസ വായ്പയ്ക്കായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചത്. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.

ആദ്യ സെമസ്റ്ററുകളിലെല്ലാം മികച്ച മാര്‍ക്ക് നേടിയ നോയലിന് ഒമാനിലെ ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ചില്‍ ജോലി ലഭിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയായെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ വീസ പ്രക്രിയ പൂര്‍ത്തിയാക്കാനാവൂ. യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ അവസാന സെമസ്റ്ററിലെ ഫീ ആയ 4,07,200 രൂപ നല്‍കണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അനുവദിച്ച കോടതി പണം നല്‍കാന്‍ ബാങ്കിനു നിര്‍ദേശം നല്‍കി.

ബാങ്കുകള്‍ അതിനൂതന സാങ്കേതിക വിദ്യയിലേക്കു മാറിയിരിക്കാം. എന്നാല്‍ നീതിന്യായ സംവിധാനത്തിന് യാഥാര്‍ഥ്യങ്ങളെ കാണാതിരിക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com