തട്ടിയത് കോടികൾ, ഡിവൈഎസ്പിയെ വിവാഹം ചെയ്തത് പിടികിട്ടാപ്പുള്ളിയായിരിക്കെ; നുസ്രത്തിന് ജാമ്യം

തൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെഎ സുരേഷ്ബാബുവിന്റെ ഭാര്യയാണ് നുസ്റത്ത്
നുസ്രത്ത്
നുസ്രത്ത്

മലപ്പുറം; സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യ വിപി നുസ്റത്തിനു ജാമ്യം. മലപ്പുറം പൊലീസെടുത്ത കേസിൽ 2,35,000 രൂപ കെട്ടിവെച്ചതോടെയാണ് ജാമ്യം. തൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെഎ സുരേഷ്ബാബുവിന്റെ ഭാര്യയാണ് നുസ്റത്ത്. ഭർത്താവിനെ മറയാക്കിയായിരുന്നു ഇവരുടെ തട്ടിപ്പുകൾ. 

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയത് ഉൾപ്പടെ നിരവധി കേസുകളാണ് നുസ്റത്തിന്റെ പേരിലുള്ളത്. കേരളത്തിലെ മുൻനിര സിനിമ നിർമാതാവിന്റെ ഒരു കിലോ കള്ളക്കടത്തു സ്വർണം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചും പലരിൽ നിന്നും നുസ്രത്ത് പണം തട്ടി. ഇത്തരത്തിൽ കോടികളാണ് ഇവർ തട്ടിയെടുത്തത് എന്നാണ് സൂചന. പതിനഞ്ചോളം കേസുകൾ പല സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും  സ്വാധീനത്താൽ അറസ്റ്റ് ഒഴിവാക്കിയെന്നാണു വിവരം.

പിടികിട്ടാപ്പുള്ളിയായിരിക്കെയാണ് ഡിവൈഎസ്പി നുസ്രത്തിനെ വിവാഹം ചെയ്തത് എന്നാണ് വിവരം. 40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരിൽ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകൾ നിലനിൽക്കെയാണു കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായത്. 10 ദിവസം മുൻപു മതാചാര പ്രകാരം പെരുമ്പിലാവിൽ  ഇവർ വീണ്ടും വിവാഹിതരായി. എന്നാൽ വിവാഹ രജിസ്ട്രേഷൻ നടത്താനായില്ല. പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്യാൻ നിർദേശിക്കുന്നത്. എന്നാൽ, പ്രതി ഒളിവിലാണ് എന്നായിരുന്നു പൊലീസ് വാദം. ഇതിനിടെ ഡിവൈഎസ്പിയെ വിവാഹം കഴിക്കുകയും ചെയ്തു. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹത്തിൽ നിന്നു നിയമപരമായി ഒഴിയുന്നതിനു മുൻപേയാണു നുസ്രത്ത് ഡിവൈഎസ്പി സുരേഷ് ബാബുവ‍ിനെ വിവാഹം കഴിച്ചതെന്നു വിവരമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com