ഹെർണിയ ഓപ്പറേഷൻ നേരത്തെയാക്കാൻ 2,000 രൂപ കൈക്കൂലി; കെണിയിൽ വീണ് ഡോക്ടർ, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd October 2023 08:55 PM  |  

Last Updated: 03rd October 2023 08:56 PM  |   A+A-   |  

bribe

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: രോ​ഗിയിൽ നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങവേ ഡോക്ടർ വിജിലൻസ് പിടിയിൽ. കാസർകോഡ് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വെങ്കിടഗിരിയാണ് പിടിയിലായത്. കാസർകോഡ് സ്വദേശിയായ പരാതിക്കാരന്റെ ഹെർണിയയുടെ ചികിത്സക്കായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 

ഇക്കഴിഞ്ഞ ജൂലൈ മാസമാണ് പരാതിക്കാരൻ ജനറൽ ആശുപത്രിയിലെ ജനറൽ സർജനെ കണ്ടത്. അദ്ദേഹം ഓപ്പറേഷന് നിർദേശിക്കുകയും അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരിയെ കണ്ട് തിയതി വാങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വെങ്കിടഗിരിയെ കണ്ടപ്പോൾ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബർ മാസത്തിൽ ഓപ്പറേഷൻ ചെയ്യാമെന്ന് അറിയിച്ചു. അസഹ്യമായ വേദനകാരണം  ഓപ്പറേഷൻ നേരത്തെ ആക്കുന്നതിനായി കഴിഞ്ഞ ദിവസം ഡോക്ടറെ വീണ്ടും കണ്ടപ്പോഴാണ് 2,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടത്. പരാതിക്കാരൻ ഈ വിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. 

കാസർകോഡ് വിജിലൻസ് യൂണിറ്റ്  ഒരുക്കിയ കെണിയിലാണ് ഡോക്ടർ കുടുങ്ങിയത്. ഇന്ന് വൈകീട്ട് 6:30യോടെ കാസർകോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടർ വെങ്കിടഗിരിയുടെ വീട്ടിൽവച്ച് 2,000 രൂപ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ മരം വീണു; ട്രെയിനുകള്‍ വൈകുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ