ആലുവയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് അടിയന്തര ധനസഹായം, ഒരു ലക്ഷം രൂപ അനുവദിച്ചു; സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2023 05:41 PM  |  

Last Updated: 07th September 2023 05:41 PM  |   A+A-   |  

veena

മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍

 

തിരുവനന്തപുരം: ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശുവികസന വകുപ്പിന്റെ ആശ്വാസനിധിയില്‍ നിന്നാണ് പണം അനുവദിക്കുക. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, സിഡിപിഒ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. 

അതിനിടെ, കേസിലെ പ്രതി ക്രിസ്റ്റിലിനെ പൊലീസ് പിടികൂടി. ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ പ്രതി വ്യാജപ്പേരിലാണ് എറണാകുളത്ത് കഴിഞ്ഞിരുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ