ഉമ്മൻചാണ്ടിയുടെ പകരക്കാരനാര്?; പുതുപ്പള്ളി ഫലം നാളെ അറിയാം; വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ
By സമകാലിക മലയാളം ഡെസ്ക് | Published: 07th September 2023 07:15 AM |
Last Updated: 07th September 2023 07:15 AM | A+A A- |

ചാണ്ടി ഉമ്മന്‍, ജെയ്ക്, ലിജിന്‍ ലാല്‍/ ഫെയ്‌സ്ബുക്ക്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. കോട്ടയം ബസേലിയസ് കോളജിൽ നാളെ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും. 20 മേശകളിലായാണ് വോട്ടെണ്ണൽ ക്രമികരിച്ചിരിക്കുന്നത്.
14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക.
ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. തുടർന്ന് 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. ഉപതെരഞ്ഞെടുപ്പിൽ 1,28,535 പേരാണ് വോട്ട് ചെയ്തത്. ഏഴു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മൻ, എൽഡിഎഫിന്റെ ജെയ്ക് സി തോമസ്, ബിജെപിയുടെ ലിജിൻ ലാൽ എന്നിവർ തമ്മിലാണ് പ്രധാന മത്സരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ