കൊറിയർ സർവീസ് വിജയം; കാർ​ഗോ ബസുമായി കെഎസ്ആർടിസി, 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ

By സമകാലിക മലയാളം ഡെസ്ക്       |   Published: 09th September 2023 08:16 AM  |  

Last Updated: 09th September 2023 08:16 AM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കൊറിയർ സർവീസ് വിജയമായതിന് പിന്നാലെ കെഎസ്‌ആർടിസി കാർ​ഗോ ബസിറക്കുന്നു. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചും സർവീസ്‌ നടത്തും. വ്യാപാരികളെ ലക്ഷ്യമിട്ടാണ്‌ പുതിയ സർവീസ്‌. നിലവിൽ 45 ഡിപ്പോകളിൽ ഫ്രണ്ട് ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ഡിപ്പോയിലേക്കും ഇവ വ്യാപിപ്പിക്കാനാണ് തീരുമാനം. ബം​ഗളൂരുവിൽ‌ പ്രവർത്തിച്ചരുന്ന കൊറിയർ കളക്ഷൻ സെന്റർ താൽക്കാലികമായി അടച്ചിരുന്നു. ഇതുൾപ്പെടെ മൈസൂരു, തെങ്കാശി എന്നിവിടങ്ങളിലും കളക്ഷൻ സെന്റർ തുറക്കും. 

കെഎസ്ആർടിസിയുടെ ഒരു ഡിപ്പോയിൽ നിന്നും ഡിപ്പോയിലേക്കാണ് നിലവിലുള്ള സേവനം. അത് മേൽവിലാസക്കാരന് എത്തിക്കാനുള്ള നടപടി പുരോ​ഗമിക്കുകയാണ്. കെഎസ്‌ആർടിസിയുമായി സഹകരിക്കാൻ നിരവധി സ്ഥാപനങ്ങളും സ്വകാര്യ ഏജൻസികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. ഓണക്കാലത്ത് നിരവധി ആളുകൾ കെഎസ്‌ആർടിസിയുടെ കൊറിയർ സർവീസിനെ ആശ്രയിച്ചിരുന്നു. വരുമാനത്തിൽ 30 ശതമാനം ഇക്കാലയളവിൽ വർധിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററുകൾ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിച്ചു. ഇതിന് പുറമേ ദേശീയ പാതയ്‌ക്ക് സമീപമുള്ള ഡിപ്പോകളിലും സർവീസ് ഉണ്ടാകും. സ്വകാര്യ കൊറിയർ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ തുകയാണ്‌ ചരക്ക്‌ കൈമാറ്റത്തിന്‌ കെഎസ്‌ആർടിസി ഈടാക്കുന്നത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മോൻസൻ മാവുങ്കൽ കേസ്; മുൻ ഡിഐജി എസ്‌ സുരേന്ദ്രന്റെ ഭാര്യ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ