തട്ടിക്കൊണ്ടുപോകൽ കേസിൽ ട്വിസ്റ്റ്; യുവതിയേയും കുട്ടിയേയും കണ്ടെത്തി; സ്വമേധയാ പോയതെന്ന്‌ യുവതിയുടെ മൊഴി

By സമകാലിക മലയാളം ഡെസ്ക്   |   Published: 12th September 2023 01:58 PM  |  

Last Updated: 12th September 2023 01:58 PM  |   A+A-   |  

lady

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: തിരുവല്ലയിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ ട്വിസ്റ്റ്. കാണാതായ യുവതിയേയും കുട്ടിയെയും പൊലീസ് കണ്ടെത്തി. ഇരുവരും തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലാണ്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കാമുകനായ പ്രിന്റു പ്രസാദിനൊപ്പം സ്വമേധയാ പൊയതാണെന്നും യുവതി മൊഴി നൽകി. 

പ്രിന്റു പ്രസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്കിൽ സഞ്ചരിക്കവെ കാർ കുറുകെയിട്ട് ഭാര്യയെയും മൂന്നു വയസ്സുള്ള കുട്ടിയെയും ഒരു സംഘം തട്ടിക്കൊണ്ടുപോയി എന്നാണ് തിരുവല്ല തിരുമൂലപുരം സ്വദേശി സന്തോഷ് തിരുവല്ല പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. 

പ്രിന്റു പ്രസാദും യുവതിയും തമ്മിൽ ഏറെക്കാലമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ യുവതി പ്രിന്റുവിനൊപ്പം പോയിരുന്നു. കുറേ ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങിയെത്തിയത്. 

ആറുമാസത്തിനിടെ രണ്ടുതവണ യുവതി പ്രിന്റുവിനൊപ്പം പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തട്ടിക്കൊണ്ടുപോകൽ യുവതിയും പ്രിന്റും ചേർന്ന് നടത്തിയ നാടകം ആണെന്നാണ് പൊലീസിന്റെ നി​ഗമനം. കഴിഞ്ഞദിവസം രാത്രിയാണ് ഭര്‍ത്താവ് സന്തോഷിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകുന്നത്. 

തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ പോകുമ്പോള്‍ കാര്‍ കുറുകെ നിര്‍ത്തി ഇരുവരെയും തട്ടിക്കൊണ്ടുപോയി എന്നാണ് 
സന്തോഷ് പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നത്. മൂന്നു വയസ് പ്രായമുള്ള കുട്ടിയെ ബലമായി കാറിലേക്ക് മാറ്റി. പിന്നാലെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയേയും കാറില്‍ കയറ്റി കൊണ്ടുപോയെന്നും സന്തോഷ് പരാതിയില്‍ വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇത് അന്തം കമ്മികളുടെ സ്ഥിരം ശൈലി, ഭയന്നോടുമെന്ന് വ്യാമോഹിക്കണ്ട'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ