'അച്യുതാനന്ദന്റെയത്ര അശ്ലീല പ്രസംഗം ആരില്‍ നിന്നും ഉണ്ടായിട്ടില്ല; ഉമ്മന്‍ചാണ്ടി സാറിന്റെ കല്ലറയിലെത്തി മാപ്പുപറയണം'

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2023 12:12 PM  |  

Last Updated: 14th September 2023 12:12 PM  |   A+A-   |  

vs achuthanandan

ഫയല്‍ ചിത്രം

 

കൊച്ചി: സോളര്‍ ലൈംഗികാരോപണക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാകുന്നതിനിടെ, ഇതില്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ പങ്ക് ഓര്‍മപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ എക്കാലത്തെയും പ്രധാന ആയുധം. ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വിഎസ്. സ്വാര്‍ത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച വിഎസിനു നടക്കാന്‍ കഴിയാത്തതിനാല്‍, ആ ചോരയിലെ മനഃസാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മാപ്പ് പറയണമെന്ന് രാഹുല്‍ കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം


സോളാര്‍ കേസിന്റെ വെളിപ്പെടുത്തലുകളില്‍ ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യന്‍ എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതു സമൂഹം കൂടുതല്‍ തിരിച്ചറിയുന്ന ദിവസങ്ങളാണിത്.  
ഈ സമയത്ത് ഒരു കാരണവശാലും നമ്മള്‍ മറന്നു പോകരുതാത്ത ഒരു പേരുണ്ട് വിഎസ് അച്യുതാനന്ദന്‍. 
വ്യക്തിയധിക്ഷേപവും  തേജോവധവുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ എല്ലാക്കാലത്തെയും പ്രധാന ആയുധം. അവരെതിര്‍ക്കുന്ന വ്യക്തിയെ 'ചോരവറ്റും വരെ മുഖം വികൃതമാക്കുന്ന വ്യക്തിഹത്യ ചെയ്യുക എന്നത് അവരുടെ ശീലവും ശൈലിയുമാണ്. 
ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വിഎസ് അച്യുതാനന്ദന്‍. അച്യുതാനന്ദന്റെ ക്രൂരമായ നാവിന്റെ അക്രമം ഏറ്റു വാങ്ങാത്തവര്‍ എതിര്‍ ചേരിയില്‍ എന്നല്ല  സ്വന്തം ചേരിയില്‍ പോലും കുറവാണ്. 
അച്യുതാനന്ദന്റെ 'ഹൊറിബിള്‍ ടങ്ങിന്റെ' പ്രയോഗങ്ങളുടെ ദുഷിച്ച കാലം സോളാര്‍ വിവാദകാലമായിരുന്നു. ഇന്ന് സൈബര്‍ വെട്ടുക്കിളികളായ പോരാളിമാരുടെ  തലതൊട്ടപ്പനായിരുന്നു അച്യുതാനന്ദന്‍. നിയമസഭയ്ക്കകത്ത് സ്പീകര്‍ക്ക് മൈക്ക് ഓഫ് ചെയ്യണ്ടി വന്ന അച്യുതാനന്ദന്റെ  ഉമ്മന്‍ ചാണ്ടി സാറിനെയും കുടുംബത്തെ അധിക്ഷേപിച്ച പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ സിപിഎം വ്യാജ ഐഡികള്‍ പോലും ഉപയോഗിക്കില്ല. 
ഒരാളുടെ രക്തം കുടിക്കാന്‍  നീട്ടിയും കുറുക്കിയും പിന്നെ വലിച്ച് നീട്ടിയും വ്യംഗ്യം കലര്‍ന്ന ഭാഷയിലും സംസാരിച്ച് ആഭാസ ചിരിയുടെ അകമ്പടിയില്‍ ആംഗ്യങ്ങള്‍ കാണിച്ചും അച്യുതാനന്ദന്‍ നടത്തിയ പ്രസംഗങ്ങളുടെയത്ര അശ്ലീല പ്രസംഗം കേരള രാഷ്ട്രീയത്തില്‍ മറ്റാരില്‍ നിന്നും ഉണ്ടായിട്ടില്ല. 
സ്വാര്‍ത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച ആ പൊതുജീവിതം രോഗശയ്യയ്ക്ക് വഴിമാറിയ ഈ കാലത്ത് അച്യുതാനന്ദനു നടക്കാന്‍ കഴിയാത്തതു കൊണ്ട് ആ ചോരയിലെ മന:സാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടി സാറിന്റെ കല്ലറയില്‍ എത്തി മാപ്പ് പറയണം. 
അസൂയ കൊണ്ട് മാത്രം ഒരു മനുഷ്യനെ അസത്യങ്ങള്‍ കൊണ്ട് വേട്ടയാടിയതിന് ചെറുതെങ്കിലും ഒരു പരിഹാരകട്ടെ .... 
'ദോഷം ചെയ്യാതെ നിന്റെ നാവിനെയും 
വ്യാജം പറയാതെ നിന്റെ അധരത്തെയും നോക്കികൊള്‍ക'

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഗണേഷ് കുമാര്‍ വൃത്തികെട്ടവന്‍;  പെണ്ണിനോടും പണത്തിനോടും ആസക്തി; തിരുവഞ്ചൂര്‍ അപ്പോള്‍ കാണുന്നവനെ അപ്പാ എന്നുവിളിക്കുന്നയാള്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ