മദ്യപിച്ചെന്ന് കള്ളക്കേസ്, എസ്ഐക്കെതിരെ എടുത്ത കേസ് പിൻവലിക്കണം; പൊലീസ് കോടതിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th September 2023 09:16 AM |
Last Updated: 15th September 2023 09:16 AM | A+A A- |

എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍സ്
തൃശൂര്‍: തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്‌ഐ ആമോദിനെതിരെ എടുത്തത് കള്ളക്കേസെന്ന് പൊലീസ് കോടതിയിൽ. കേസ് പിൻവലിക്കാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തൃശൂർ എസിപിയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. രക്ത പരിശോധന റിപ്പോർട്ട് കിട്ടിയതിനു പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ആമോദ് മദ്യപിക്കുന്നത് കണ്ടില്ലെന്ന് സിഐയുടെ ഡ്രൈവർ നൽകിയ മൊഴിയും നിർണായകമായി.
നെടുപുഴ സിഐ ദിലീപ് കുമാറാണ് ആമോദിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് മദ്യപിച്ചെന്നായിരുന്നു ആമോദിനെതിരെ എടുത്ത കേസ്. എന്നാൽ കള്ളക്കേസില്‍ അറസ്റ്റിലായ ആമോദ് ഇപ്പോഴും സസ്‌പെന്‍ഷനില്‍ തുടരുകയാണ്. ദിലീപ് കുമാറിനെതിരെ നടപടിയുമുണ്ടായിട്ടില്ല.
ജൂലൈ 31ന് തൃശൂര്‍ വടൂക്കരയിലായിരുന്നു സംഭവം. വൈകിട്ട് അഞ്ചരയോടെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയതായിരുന്നു സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐ ടിആര്‍ ആമോദ്. സഹപ്രവര്‍ത്തകന്റെ ഫോണ്‍ വന്നപ്പോള്‍ വഴിയരികില്‍ സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു നെടുപുഴ സിഐ ദിലീപ് ജീപ്പില്‍ എത്തിയത്. അവധിയിലായിരുന്നു എസ്‌ഐ. ആമോദ്. മദ്യപാനത്തിനു വന്നതാണോയെന്ന് സിഐ ചോദിച്ചു. കടയിലേക്ക് വന്നതാണെന്ന് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ സിഐ നേരെ തൊട്ടടുത്ത മരക്കമ്പനിയ്ക്കുള്ളില്‍ പോയി തിരച്ചില്‍ നടത്തി. അവിടെ നിന്ന് പാതി കാലിയായ മദ്യക്കുപ്പി കിട്ടി. ഇത്, എസ്.ഐ. കഴിച്ചതാണെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്തു.
ജീപ്പില്‍ നേരെ കൊണ്ടുപോയത് ജില്ലാ ആശുപത്രിയില്‍. മദ്യത്തിന്റെ മണമില്ലെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ പറഞ്ഞു. ഉടനെ, രക്ത സാംപിള്‍ എടുപ്പിച്ചു. പിന്നാലെ, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചെന്നായിരുന്നു കേസ്. എസ്‌ഐ പരാതി ഉന്നയിച്ചതോടെ അന്വേഷണമായി. സംസ്ഥാന ഇന്റലിജന്‍സ് അന്വേഷിച്ച് കള്ളക്കേസാണെന്ന് റിപ്പോര്‍ട്ട് നല്‍കി. ജില്ലാ സ്്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തിലും എസ്‌ഐ അവിടെയിരുന്ന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ജീപ്പില്‍ വരുമ്പോള്‍ വഴിയരികില്‍ എസ്.ഐ. ഫോണില്‍ സംസാരിക്കുകയാണെന്ന് സിഐയുടെ ഒപ്പം ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും മൊഴിനല്‍കി. അപ്പോഴേയ്ക്കും എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഭക്ഷണം വൈകിയതിന് ഹോട്ടലിൽ സംഘർഷം: ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ