കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഫോണുകൾ പരിശോധിക്കുന്നു

By സമകാലിക മലയാളം ഡെസ്ക്   |   Published: 15th September 2023 08:11 AM  |  

Last Updated: 15th September 2023 08:11 AM  |   A+A-   |  

karuvannur bank loan fraud

ഫയല്‍ ചിത്രം

 

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മുഖ്യപ്രതി സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അയ്യന്തോള്‍ സര്‍വീസ് സഹകരണബാങ്കിലെ അക്കൗണ്ടാണ് ഇഡിയുടെ നിര്‍ദേശപ്രകാരം മരവിപ്പിച്ചത്. സതീഷ്കുമാറിന്റെ ഭാര്യയുടെയും മകന്റെയും അക്കൗണ്ടുകളും മരവിപ്പിച്ചു. 

കള്ളപ്പണ ഇടപാടുകാരനായ സതീഷ് കുമാറിന്റെ മൊബൈൽഫോൺ പരിശോധന തുടരുകയാണ്. അതിനിടെ, സതീഷ് കുമാറിനായി എസി മൊയ്തീന്‍ ഇടപെട്ടെന്ന് സാക്ഷി ജിജോര്‍ ഒരു ചാനലിനോട് വെളിപ്പെടുത്തി. ബിനാമി പേരിൽ കോടികൾ വായ്പ തട്ടിപ്പു നടത്തിയ സതീഷ് കുമാറിന് വേണ്ടി എസി മൊയ്തീന്‍ വിളിച്ചു സമ്മര്‍ദ്ദം ചെലുത്തി. 

സതീഷിനെ മൊയ്തീന് പരിചയപ്പെടുത്തിയത് സിപിഎം കൗണ്‍സിലര്‍മാരാണ്. സിപിഎം നേതാവ് സി കെ ചന്ദ്രനുമായി സതീഷ് കുമാറിന് ഉറ്റബന്ധമുണ്ട്. സതീഷ് കുമാറിന് വിദേശത്തും ബിസിനസ് സാമ്രാജ്യമുണ്ട്. ഒരു റിട്ടയേഡ് എസ്പി അടക്കം രണ്ടു പൊലീസുകാരും ഇടപാടില്‍ പങ്കാളികളായിരുന്നുവെന്നും ജിജോർ പറയുന്നു.

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോ​ഗിച്ച അന്വേഷണ കമ്മീഷൻ അം​ഗത്തിന്റെ ഭാര്യ അയ്യന്തോൾ സഹകരണ ബാങ്കിലെ ഉദ്യോ​ഗസ്ഥയാണെന്ന് മുൻ എംഎൽഎ അനിൽ അക്കര ആരോപിച്ചു.  കോലഴി ബാങ്ക് ഉൾപെടെ ജില്ലയിലെ പത്ത് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ ബിനാമി നിക്ഷേപവിവരങ്ങൾ കൂടി ആവശ്യപെട്ടിട്ടുണ്ട് എന്നും അനിൽ അക്കര ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചു; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍, സഭയില്‍ വാക്കേറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ