ധാരണയില്‍ ഒരു മാറ്റവും ഇല്ല; ഗണേഷ് കുമാറിനെ ഒഴിവാക്കേണ്ട സാഹചര്യമില്ല; ഇപി ജയരാജന്‍

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2023 11:44 AM  |  

Last Updated: 15th September 2023 11:44 AM  |   A+A-   |  

ep_

ഇപി ജയരാജന്‍

 


തിരുവനന്തപുരം: മന്ത്രിസ്ഥാനം പാര്‍ട്ടികള്‍ പങ്കിടണമെന്ന ധാരണയില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കേണ്ടാത്ത സാഹചര്യമില്ല. സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാകുമെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

എല്‍ഡിഎഫില്‍ എല്ലാപാര്‍ട്ടികള്‍ക്കും പങ്കാളിത്തമുള്ള ഒരു ഭരണസംവിധാനമാണ്. നിയമസഭയല്‍ ഒരു അംഗം മാത്രമാണ് ഉള്ളതെങ്കില്‍ കൂടി അവരെക്കൂടി പരിഗണിച്ചാണ് മന്ത്രിസഭ രൂപീകരിച്ചത്. എല്ലാ പാര്‍ട്ടികള്‍ക്കും അഞ്ച് വര്‍ഷം മന്ത്രിസ്ഥാനം കൊടുക്കുകയെന്നത് പറ്റാത്ത സാഹചര്യത്തിലാണ് നാല് പാര്‍ട്ടികള്‍ക്ക് പകുതി സമയം നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യം എല്‍ഡിഎഫ് പരസ്യമായി പറഞ്ഞതുമാണ്. ആ ഒരു ധാരണയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ആ ധാരണയ്ക്ക് ഒരുമാറ്റവും ഉണ്ടായിട്ടില്ല

ഗണേഷ് കുമാര്‍ ഒരു മന്ത്രിയാകാതിരിക്കത്തക്കനിലയിലുള്ള പ്രശ്‌നങ്ങളൊന്നും ഞങ്ങളുടെ മുന്നില്‍ ഇല്ല. നിയമസഭയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം  മുഖവിലയ്ക്ക് എടുത്ത് നിലപാട് സ്വീകരിക്കാന്‍ കഴിയുമോ?. ആരെ കുറിച്ചൊക്കെ എന്തൊക്കെ കാര്യങ്ങളാണ് പറയുന്നത്. ഓരോ ഘടകകപാര്‍ട്ടികള്‍ക്കും എല്‍ഡിഎഫില്‍ തുല്യപ്രാധാന്യമുണ്ട്. എല്ലാവരും ആലോചിച്ചുമാത്രമെ മുന്നോട്ടുപോകൂ.രണ്ടരവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനിയുമുണ്ടല്ലോ ദിവസങ്ങളെന്നും ജയരാജന്‍ പറഞ്ഞു. 

മന്ത്രിസഭ പുനഃസംഘടനയെ പറ്റി മറ്റ് ആലോചനകള്‍ ഇല്ല. സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാവുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. ഷംസീര്‍ സ്പീക്കറായിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂ. എവിടെ നിന്നാണ് ഇത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അല്ലെങ്കില്‍ ഇന്നയാള്‍ വ്യക്തമാക്കിയെന്ന് പറയൂ. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനം ആയിട്ട് തോന്നുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, വീണയെ മാറ്റും?; പുനസ്സംഘടനാ ചര്‍ച്ചകള്‍ സജീവം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ