"പാതിരാത്രി വരെ സഹായം ചോദിച്ച് വിളികള്‍, അപ്പയേപ്പോലെ ആകണമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ"

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2023 10:45 AM  |  

Last Updated: 17th September 2023 10:45 AM  |   A+A-   |  

CHANDY_OOMMEN

ചാണ്ടി ഉമ്മൻ / ചിത്രം: ബി പി ദീപു

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജയം മാത്രമാണ് മാനദണ്ഡമെന്നും തന്റേത് രാഷ്ട്രീയ വിജയം തന്നെയാണെന്നും പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. "എന്റെ വിജയം ഒരു രാഷ്ട്രീയ വിജയം തന്നെയാണ്. ഞങ്ങള്‍ അതിനെ അഭിമാനതരംഗം എന്നാണ് വിളിക്കുന്നത് സഹതാപതരംഗം എന്നല്ല", ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.

എല്ലാവരും താന്‍ അപ്പയേപ്പോലെയാകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ചാണ്ടി പറഞ്ഞു. "ദിവസവും 300-350 ഫോണ്‍ കോളുകള്‍ വരും. രാവിലെ ഏഴ് മണി മുതല്‍ പാതിരാത്രി വരെ സഹായം അഭ്യര്‍ത്ഥിച്ചുള്ള വിളികളാണ്. ഞാന്‍ അപ്പയേപ്പോലെയാകണമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അപ്പയേപ്പോലെയാകുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കില്‍ ആളുകള്‍ അസ്വസ്ഥരാകും. ഞാന്‍ ഒരു തുടക്കക്കാരനാണ് എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ട്", ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നേതാവിന്റെ മകനോ മകളോ ആയതിന്റെ പേരില്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ തെറ്റില്ലെന്നും അയാള്‍ സമൂഹത്തിന് വേണ്ടി നിലകൊള്ളുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ് ചോദ്യമെന്നും ചാണ്ടി പറഞ്ഞു. ആളുകളെ വിലയിരുത്തേണ്ടത് പാരമ്പര്യം കൊണ്ടല്ല മറിച്ച് അവരുടെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സഹോദരി അച്ചു ഉമ്മന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അച്ചു രാഷ്ട്രീയത്തിലേക്ക് വരില്ല. അത് ഞങ്ങളുടെ തീരുമാനമാണ് എന്നായിരുന്നു മറുപടി. 

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും ആ ഘട്ടത്തില്‍ ജയം മാത്രമാണ് മാനദണ്ഡമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. "എന്റെ കഴിഞ്ഞ 20 വര്‍ഷത്തെ രാഷ്ട്രീയ ജീവിതവും സ്ഥാനാര്‍ത്ഥിത്വത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഞാന്‍ നടന്നു. എന്റെ പിതാവിന്റെ മരണശേഷം പാര്‍ട്ടി അങ്ങനൊരു തീരുമാനമെടുത്തു. കോര്‍ഗ്രസ് നിരവധി പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കിയിട്ടുള്ള പാര്‍ട്ടിയാണ്. ഉദ്ദാഹരണത്തിന് ഷാഫി പറമ്പില്‍ കേഡര്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിച്ച നേതാവാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ പലരും എന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഏകദേശം 40 സീറ്റുകളില്‍ എന്റെ പേര് ചര്‍ച്ചയായി. പക്ഷെ ഞാന്‍ മത്സരിച്ചില്ല", ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

"ആ രാത്രി അപ്പ ഉറങ്ങിയില്ല, അന്ന് മാത്രമാണ് ഉമ്മൻ ചാണ്ടി അസ്വസ്ഥനായത്" 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ