വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; സഹോദരങ്ങള്‍ അറസ്റ്റില്‍

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2023 08:32 PM  |  

Last Updated: 18th September 2023 08:32 PM  |   A+A-   |  

jerin-jebin

അറസ്റ്റിലായ ജെറിനും ജെബിനും


 

കട്ടപ്പന: 150 പേരെ ചേര്‍ത്ത് വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാര്‍ അറസ്റ്റില്‍. ഇടിഞ്ഞമലയില്‍ കറുകച്ചേരില്‍ ജെറിന്‍, സഹോദരന്‍ ജെബിന്‍ എന്നിവരെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം പകവീട്ടാന്‍ ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നീ പ്രദേശങ്ങളിലെ 150ഓളം ആളുകളെ ചേര്‍ത്ത് വാട്‌സ്ആപ് ഗ്രൂപ് രൂപീകരിച്ച് യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സന്ദേശത്തോടെ അയക്കുകയുമായിരുന്നു. ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചശേഷം ഗ്രൂപ്പുതന്നെ ഡിലീറ്റ് ചെയ്തു. ജെറിന്റെ തൊഴിലാളിയായിരുന്ന അസം സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ സിം ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ജെറിന്‍ ഈ അസം സ്വദേശിയെ പിന്നീട് നാട്ടിലേക്ക് തിരിച്ചയച്ചു. സഹോദരന്‍ ജെബിനാണ് സിം കാര്‍ഡ് അസം സ്വദേശിയില്‍നിന്ന് തിരികെ വാങ്ങിയത്.

ജില്ല പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം പൊലീസ് അസം, നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തി കേസിലെ പ്രധാന സാക്ഷി അസം സ്വദേശിയെ കണ്ടെത്തി നെടുങ്കണ്ടം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അറസ്റ്റ് ഭയന്ന് ഒന്നും രണ്ടും പ്രതികളായ ജെറിനും സഹോദരന്‍ ജെബിനും ഒളിവില്‍ പോയശേഷം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പൊലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ പിഎസ്‌സി നിയമന തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ