മുംബൈയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ നാഗ്പ്പൂരില്‍ കണ്ടെത്തി

മുംബൈയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ നാഗ്പൂരില്‍ കണ്ടെത്തി
ഫാസില്‍
ഫാസില്‍
Published on
Updated on

മുംബൈ: മുംബൈയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ നാഗ്പൂരില്‍ കണ്ടെത്തി. ആലുവ എടയപ്പുറം കൊടവത്ത് അഷ്‌റഫിന്റെ മകന്‍ ഫാസിലിനെയാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 26നാണ് ഫാസിലിനെ കാണാതായത്.

താന്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഉണ്ടെന്ന വിവരം ഇന്നലെ രാത്രി ഫാസില്‍ പിതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുംബൈയില്‍ ഉണ്ടായിരുന്ന പിതാവ് ഉടന്‍ തന്നെ നാഗ്പൂരിരിലെത്തി മകനെ കണ്ടുമുട്ടി. ഫാസിലിന്റെ തിരോധാനക്കേസ് മുംബൈ കൊളാബ പൊലീസിന് പുറമെ ആലുവ റൂറല്‍ പൊലീസും അന്വേഷിച്ചിരുന്നു. പൊലീസില്‍ ഹാജരായി മൊഴി നല്‍കിയ ശേഷം ഫാസില്‍ നാട്ടിലേക്ക് തിരിക്കും.

നാഗ്പൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു എന്നാണ് അറിയുന്നത്. മുംബൈയിലെ എച്ച്ആര്‍ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ഫാസില്‍ താമസ സ്ഥലത്തുനിന്ന് ബാഗുമായി ഇറങ്ങുന്ന സിസിടി ചിത്രം പുറത്തുവന്നിരുന്നു. പിന്നീട് നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടെയെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഫാസില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ പിന്നീട് ഓണ്‍ ചെയ്യാത്തതിനാല്‍ ലൊക്കേഷന്‍ മനസിലാക്കാനും സാധിച്ചില്ല. 

ഫാസില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ ഓണ്‍ലൈന്‍ വായ്പാതട്ടിപ്പിന് ഇരയായിരുന്നതായാണ് സൂചന ലഭിച്ചിരുന്നത്. ഫാസില്‍ ഓണ്‍ലൈന്‍ വഴി 12 ദിവസത്തിനിടെ 19 സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. 

മോക്ഷ ട്രേഡേഴ്‌സ്, വിഷന്‍ എന്റര്‍പ്രൈസസ്, ഓം ട്രേഡേഴ്‌സ്, ശീതള്‍ ട്രേഡേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. ഇതില്‍ 1.2 ലക്ഷം രൂപയുടെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും അധികം പണം കൈമാറിയത് മോക്ഷ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിനാണ്. ഗൂഗിള്‍ പേ വഴി മോക്ഷയ്ക്ക് 95,000 രൂപയും വിഷന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന് 25,000 രൂപയും കൈമാറി. എന്നാല്‍ ഈ ഈ സ്ഥാപനങ്ങളൊക്കെ എവിടെയുള്ളതാണെന്ന് കണ്ടെത്താനായിട്ടില്ല. ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി ഭയന്ന് ഫാസില്‍ നാട് വിട്ടതാകാമെന്ന സംശയത്തിലാണ് പിന്നീട് അന്വേഷണം തുടര്‍ന്നത്. ഫാസിലിന്റെ മൊഴിയെടുത്താല്‍ ഇക്കാര്യത്തില്‍ വ്യക്തതവരും.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com