വീണ വിജയന് ഭിക്ഷയായി നല്‍കിയതോ?, പിവി എന്നത് പിണറായി വിജയന്‍ തന്നെ; സര്‍ക്കാരിന്റേത് അധികാര വേട്ടയെന്ന് മാത്യു കുഴല്‍നാടന്‍ 

By സമകാലിക മലയാളം ഡെസ്ക്       |   Published: 21st September 2023 05:26 PM  |  

Last Updated: 21st September 2023 05:26 PM  |   A+A-   |  

mathew

മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട്

 

തിരുവനന്തപുരം: ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിലെ പി വി എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ചുരുക്കപ്പേരായ പി വി എന്നത് പിണറായി വിജയന്‍ തന്നെയാണ്. പി വി മറ്റൊരാളാണെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്നും മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു.

ചുരുക്കപ്പേര് പറഞ്ഞയിടത്ത് മാത്രമല്ല മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം. വീണാ വിജയന്റെ അച്ഛനും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ എന്ന നിലയിലാണ് കരിമണല്‍ കമ്പനി പണം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി മാപ്പുപറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. ബാങ്ക് മുഖാന്തരമാണ് കരിമണല്‍ കമ്പനിയുമായി വീണ വിജയന്‍ ഇടപാട് നടത്തിയത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബാങ്ക് വഴി നടത്തുന്ന എല്ലാ ഇടപാടും നിയമപരമാകണമെന്നില്ല. മകള്‍ ഒരു സേവനവും നല്‍കാതെയാണ് കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയത്. വീണ വിജയന് കരിമണല്‍ കമ്പനി ഭിക്ഷയായി നല്‍കിയതാണോ പണമെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തോട് സഹകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തുറന്നുകാട്ടാനുള്ള അവസരമായി ഇതിനെ കാണും. താന്‍ അഴിമതിക്കാരനെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടും. വിജിലന്‍സ് നടപടി നിയമവിരുദ്ധമാണ്. അതിനാല്‍ നിയമപരമായി നേരിടും. അഴിമതിക്കെതിരെ പോരാടേണ്ട സംവിധാനമാണ് വിജിലന്‍സ്. എന്നാല്‍ വിജിലന്‍സിനെ നിലവില്‍ ഏത് നിലയിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്?. പഴയ നിലപാടില്‍ നിന്ന് മാറില്ല. അന്വേഷണത്തില്‍ നിന്ന് താന്‍ ഒളിച്ചോടില്ല. പക്ഷേ സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് വേട്ടയാടി പുകമറ സൃഷ്ടിച്ച് പ്രതിയാക്കി തീര്‍ത്ത് തളര്‍ത്താമെന്ന് കരുതേണ്ട. തിരിച്ച് അതേ ആര്‍ജവത്തോടെ പോരാടും. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വേട്ടയാടുന്നത് തുറന്നുകാട്ടാനാണ് നിയമപരമായി നേരിടാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 അട്ടപ്പാടി മധു കൊലക്കേസ്; പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ കുടുംബം; ഹൈക്കോടതിയില്‍ സങ്കടഹര്‍ജി നല്‍കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ