'കെജി ജോര്‍ജാണ് വിടപറഞ്ഞതെന്ന് മനസ്സിലായില്ല, പഴയ സഹപ്രവര്‍ത്തകനാണെന്ന് കരുതി'; കെ സുധാകരന്‍

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2023 09:18 PM  |  

Last Updated: 24th September 2023 09:18 PM  |   A+A-   |  

sudhakaran

വിഡിയോ സ്ക്രീൻഷോട്ട്

 

തിരുവനന്തപുരം: ചലച്ചിത്രകാരന്‍ കെജി ജോര്‍ജിന് അനുശോചനം രേഖപ്പെടുത്തിയതില്‍ പിഴവുപറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെജി ജോര്‍ജ് ആണ് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് മനസ്സിലായിരുന്നില്ല. സമാനപേരിലുളള പഴയകാല സഹപ്രവര്‍ത്തകനാണ് മനസ്സില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല.- കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

'ഇന്ന് രാവിലെ കെജി ജോര്‍ജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്‍ത്തകന്‍ കെജി ജോര്‍ജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.

സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസ്സില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ല. വീഴ്ചകളില്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ  പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. എണ്ണം പറഞ്ഞ കലാസൃഷ്ടികള്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെജി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.'- അദ്ദേഹം കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ഞാന്‍ ജീവിച്ചിരിപ്പുണ്ട്; കെ സുധാകരനെ തെറ്റിദ്ധരിപ്പിച്ചു'; പിസി ജോര്‍ജ്