പട്ടികളുടെ സംരക്ഷണത്തില്‍ കഞ്ചാവ് കച്ചവടം; വീട്ടില്‍ 13 വമ്പന്‍ നായകള്‍; പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം

By സമകാലിക മലയാളം ഡെസ്ക്   |   Published: 25th September 2023 11:50 AM  |  

Last Updated: 25th September 2023 11:50 AM  |   A+A-   |  

dog

എസ്പി വീട്ടിൽ പരിശോധന നടത്തുന്നു/ ടിവി ദൃശ്യം

 

കോട്ടയം: കോട്ടയത്ത് പട്ടികളുടെ സംരക്ഷണയില്‍ കഞ്ചാവ് കച്ചവടം. പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടു. കോട്ടയം കുമരനെല്ലൂര്‍ സ്വദേശി റോബിന്‍ ആണ് പൊലീസുകാര്‍ക്ക് നേരെ നായകളെ അഴിച്ചു വിട്ടത്. 

പൊലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ വിദേശ ബ്രീഡുകള്‍ അടക്കം 13 ഇനം വമ്പന്‍ നായകളാണ് ഉണ്ടായിരുന്നത്. പട്ടി വളര്‍ത്തല്‍ കേന്ദ്രമായിട്ടാണ് അറിയപ്പെട്ടിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

എന്നാല്‍ മുന്തിയ ഇനം നായകളുടെ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടവും ഇയാള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ ഇയാളുടെ വീടിന്റെ കോമ്പൗണ്ടില്‍ നിന്നും 18 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തിരുന്നു. 

പൊലീസും എക്‌സൈസും എത്തിയാല്‍ ആക്രമിക്കാന്‍ നായ്ക്കളെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കോട്ടയം എസ്പി കെ കാര്‍ത്തിക് സ്ഥലത്തെത്തി പരിശോധന നടത്തി. കാക്കിയെ കണ്ടാല്‍ ആക്രമിക്കാനാണ് നായകള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗര്‍ എസ്എച്ച്ഒയും സംഘവും വീട് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് എസ്പി കാര്‍ത്തിക് പറഞ്ഞു. സംഭവത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ്പി കാര്‍ത്തിക് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് എംകെ കണ്ണനെ ഇഡി വിളിച്ചു വരുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ