സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാം; ഊരാളുങ്കല്‍ സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സര്‍ക്കാരിന്റെതെന്ന് കേരളം

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2023 09:36 AM  |  

Last Updated: 25th September 2023 09:36 AM  |   A+A-   |  

Supreme Court

സുപ്രീം കോടതി/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കലിന് നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 

സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കുറഞ്ഞ തുക പറഞ്ഞ സ്വകാര്യ കോണ്‍ട്രാക്ടറുടെ ക്വട്ടേഷനെക്കാള്‍ പത്ത് ശതമാനം വരെ തുകയ്ക്ക് സഹകരണ സൊസൈറ്റി നിര്‍മാണ കരാര്‍ ഏറ്റെടുക്കുമെങ്കില്‍ നല്‍കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. നിര്‍മാണ കരാറുകളില്‍ സഹകരണ സൊസൈറ്റികള്‍ക്ക് ഇളവ് അനുവദിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ നല്‍കിയത് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. എന്നാല്‍, നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വട്ടേഷനെക്കാളും 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സൗ​ദി യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസ്; വ്ലോ​ഗർ മല്ലു ട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ