'അടിവസ്ത്രം വരെ അലക്കിയിട്ടിരിക്കുന്നു'; സ്‌റ്റേഷനില്‍ വൃത്തി വേണം, യൂണിഫോം ധരിച്ച് ഡ്യൂട്ടിക്കെത്തണം; സര്‍ക്കുലര്‍, വിവാദം
By സമകാലിക മലയാളം ഡെസ്ക് | Published: 28th September 2023 10:47 AM |
Last Updated: 28th September 2023 10:47 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്ക് എത്തണമെന്ന സര്‍ക്കുലര്‍ വിവാദത്തില്‍. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എറണാകുളം റൂറല്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകള്‍ക്കാണ് സര്‍ക്കുലര്‍ ലഭിച്ചത്.
വിശ്രമമുറികളില്‍ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുത്. വീട്ടില്‍ നിന്ന് തന്നെ യൂണിഫോം ധരിച്ച് സ്റ്റേഷനില്‍ എത്തണം. ഡ്യൂട്ടിയിലുള്ള മുഴുവന്‍ സമയവും യൂണിഫോം ധരിക്കണം. ഒരു സ്റ്റേഷനില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി രണ്ട് വിശ്രമകേന്ദ്രം മാത്രം മതി. ബാക്കിയുള്ളവ ഉടന്‍ മറ്റ് ആവശ്യത്തിനായി മാറ്റണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
വിശ്രമമുറിയെന്ന പേരില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ പകുതിയോളം മുറികള്‍ പൊലീസുകാര്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും യൂണിഫോമും ഷൂസും തൊപ്പിയുമെല്ലാം അലക്കു കേന്ദ്രത്തിലെന്ന പോലെ കൂട്ടിയിടുന്നു. പലരും അടിവസ്ത്രം വരെ അലക്കിയിടുന്ന സ്ഥമായി വിശ്രമമുറികളെ മാറ്റുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടുന്നു. ചില സ്‌റ്റേഷനുകളിലെ വിശ്രമമുറികളുടെ ചിത്രങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിഐജി പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പോലീസ് സേനയില്‍ കടുത്ത അതൃപ്തി ഉയരുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് വന്ന് പോകുന്ന ഉദ്യോഗസ്ഥര്‍ക്കടക്കം യൂണിഫോം സൂക്ഷിക്കാന്‍ അനുവദിക്കാത്തത് പ്രായോഗികമല്ലെന്നാണ് വാദം. പൊലീസിന്റെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും വ്യാപക പ്രതിഷേധമാണ്്. മഫ്തിയില്‍ ചെയ്യേണ്ട ഡ്യൂട്ടികള്‍ ഏറെയുള്ളതിനാല്‍ സ്റ്റേഷനില്‍ തന്നെ വസ്ത്രം മാറേണ്ട സാഹചര്യം മിക്കപ്പോഴും ഉണ്ടാകാറുണ്ടെന്നും പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'എതിർക്കുന്നവരെ ആക്ഷേപിച്ച് മനോവീര്യം തകർത്ത് നിശബ്ദരാക്കുന്നത് സിപിഎമ്മിന്റെ ശൈലി'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ