കൊല്ലം: കൊല്ലത്ത് സൈക്കിൾ യാത്രക്കാരനായ ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷന്‍ എഞ്ചിനീയർ പാപ്പച്ചനെ കൊലപ്പെടുത്തിയത് പ്രതികൾ കൃത്യമായ ആസൂത്രണം നടത്തിയെന്ന് പൊലീസ്. മരിച്ച പാപ്പച്ചന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി പാപ്പച്ചന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആശ്രാമത്തെ സ്വകാര്യ ബാങ്കില്‍ പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചന്‍ 80 ലക്ഷം രൂപയോളം നിക്ഷേപിച്ചിരുന്നു. ഈ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊലപാതക കേസില്‍ ഈ സ്വകാര്യ ബാങ്കിലെ മാനേജറായ സരിത, അക്കൗണ്ടന്റ് അനൂപ്, ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോന്‍, കൂട്ടാളികളായ ഹാഷിഫ് അലി, മാഹീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സരിതയും അനൂപും രണ്ട് മൊബൈല്‍ സിംകാര്‍ഡുകള്‍ വാങ്ങി. ഇതിലൂടെയാണ് അനിമോനുമായി പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ഇത് സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ പൊലീസിന് വ്യക്തമായി.
പൊലീസ് സംശയിക്കുന്നതായി മനസ്സിലാക്കിയതോടെ ഇവര്‍ ഈ സിം കാര്‍ഡിലൂടെ സംസാരിക്കാതെയായി. പാപ്പച്ചന്റെ മരണത്തില്‍ സരിതയേയും അനൂപിനേയും മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും ഒഴിഞ്ഞുമാറിയ ഇവര്‍ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ഇതോടെ പൊലീസിന് സംശയം ബലപ്പെട്ടു. ആദ്യം രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് കൊലപാതകത്തിനായി അനിമോന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
ആദ്യം ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്. മൂന്നു തവണ നടത്തിയ ശ്രമത്തിലും പദ്ധതി പരാജയപ്പെട്ടു. ഇതിനു ശേഷമാണ് കാര്‍ വാടകയ്‌ക്കെടുത്ത് കൊലപാതകം നടത്തിയത്. പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അത് അപകടമരണമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞതും, യുവതി അടക്കം അഞ്ചുപേര്‍ പൊലീസിന്റെ വലയിലാകുന്നതും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ