കല്‍പറ്റ: 'ചെളിയില്‍ പുതഞ്ഞപ്പോള്‍ ശ്വാസം എടുക്കാനേ കഴിഞ്ഞിരുന്നുള്ളുവെന്നും തോറ്റുകൊടുക്കരുതെന്ന് കരുതി മനസ് ഒരുക്കിയാണ് പിടിച്ചുനിന്നതെന്ന് വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അരുണ്‍. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അരുണിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മൂപ്പന്‍സ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. നെഞ്ചോളം ചെളിയില്‍ മുങ്ങിക്കിടന്നപ്പോള്‍ അരുണ്‍ ഉയര്‍ത്തി വീശിയ കൈ കണ്ടാണ് എല്ലാ പ്രതിബന്ധങ്ങളും തട്ടിമാറ്റി ഫയര്‍ഫോഴ്‌സ് അരുണിനെ രക്ഷിച്ചത്.
' ആദ്യത്തെ ഉരുള്‍ പൊട്ടിക്കഴിഞ്ഞ് അമ്മ എന്നെ വന്ന് വിളിച്ചപ്പോഴെക്കും ഞാന്‍ ലോക്കായി. എന്റെ അരഭാഗം വരെ മണ്ണായി. കാലില്‍ ഒരു സ്റ്റീല്‍ അലമാര, അരയുടെ ഭാഗത്ത് ഒരുകട്ടില്‍ നെഞ്ചിന്റെ ഭാഗത്ത് ജനലും വീടിന്റെ ബീമും. വീട്ടുകാര്‍ എന്നെ പൊക്കാന്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. അമ്മ എന്നെ രക്ഷിക്കാനായി ആളുകളെ വിളിക്കാന്‍ പോയപ്പോഴാണ് രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായത്. അത് എന്നെ എവിടെയോ കൊണ്ടുപോയിട്ടു. സ്ഥലം മനസിലായില്ല. അവിടെ നിന്ന് എഴുന്നേറ്റ് കര കയറാന്‍ ശ്രമിക്കുമ്പോഴാണ് അടുത്ത പൊട്ടല്‍ ഉണ്ടായി കുഴിയിലേക്ക് വീണത്. ഭാഗ്യത്തിന് ലൂസ് മണ്ണായതുകൊണ്ടും അപ്പോ പെയ്ത മഴയായതുകൊണ്ടും കൈക്കുത്തിപ്പിടിച്ച് കയറാന്‍ ശ്രമിച്ചു. അങ്ങനെയാണ് ന്യൂസില്‍ എന്നെ കാണിച്ച സ്‌പോട്ടില്‍ എത്തിയത്. എന്തായാലും ശ്വാസം എടുക്കാന്‍ പറ്റുന്നുണ്ട്. എന്നാല്‍ ഒരു ശ്രമം നടത്താം, ജീവിക്കണമെന്ന ആഗ്രഹം തോന്നി അങ്ങനെ കയറി വന്നതാണ്'- അരുണ്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'പിന്നെ മണിക്കൂറുകള്‍ നേരം ആരെങ്കിലും കാണാന്‍ വേണ്ടിയുള്ള പോരാട്ടമായിരുന്നു. അതിന്റെ ഭാഗമായി കൂക്കലും വിളിയും ഒച്ചപ്പാടും കൈകാട്ടുകയുമെല്ലാം ചെയ്തു. വിട്ടുകൊടുക്കാന്‍ താത്പര്യമില്ലായിരുന്നു. ഒരാള്‍ കണ്ടെന്ന് തോന്നിയപ്പോഴാണ് മൊത്തത്തില്‍ അവിടെ കിടന്നത്. കണ്ണിലാകെ ചെളി നിറഞ്ഞ് കാഴ്ചയെല്ലാം മങ്ങിയിരുന്നു. ആകെയുള്ളത് ശ്വാസം മാത്രമായിരുന്നു. ഞാന്‍ മുങ്ങിപ്പോകുന്നതിനെക്കാള്‍ ആഴമുണ്ടായിരുന്നു അവിടെ. ആശുപത്രിയിലെത്തിയ ശേഷമാണ് എല്ലാം മനസിലായത്' അരുണ്‍ പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ വീട് മൊത്തത്തില്‍ ഒലിച്ചുപോയി. ആശുപത്രിയിലെത്തി ആരോഗ്യം വീണ്ടെുടത്തതിന് പിന്നാലെ തന്നെ രക്ഷിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചതായും അരുണ്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ