ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍. ആശങ്കപ്പെടേണ്ട സാഹചര്യം ഇന്നെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉരുള്‍പൊട്ടലിന് ശേഷം ഭൂമിക്ക് അടിയിലെ പാളികള്‍ക്ക് സ്ഥാനചലനം ഉണ്ടാകാറുണ്ട്. അവ പൂര്‍വസ്ഥിതിയിലാകുന്ന പ്രതിഭാസമാകാം ഉണ്ടായിട്ടുള്ളതെന്നും ഒ പി മിശ്ര പറഞ്ഞു. പാറകള്‍ ഒരു സ്ഥലത്തു നുന്നും നിരങ്ങി നീങ്ങിയതിന്റെ ശബ്ദമാകും കേട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഭൂകമ്പ സൂചനകള്‍ ഇല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് രാവിലെ 10 മണിയോടെ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായി നാട്ടുകാര്‍ പറയുന്നു.
എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. കോഴിക്കോട് ജില്ലയിലും പാലക്കാടും പ്രകമ്പനം അനുഭവപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, കൂടരഞ്ഞി, കാരാട്ടുപാറ , കരിങ്കുറ്റി പ്രദേശങ്ങളിലും പാലക്കാട് ജില്ലയിലെ അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായത്. ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി.ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടത്. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ