'മകളെ നഷ്ടപ്പെട്ട എന്റെ സങ്കടത്തേക്കാള്‍ എത്രയോ ഇരട്ടി; കമ്മലും വിരലുകളും നോക്കി മക്കളുടെ മൃതദേഹങ്ങള്‍ തിരഞ്ഞവര്‍'; ആശുപത്രി കിടക്കയില്‍ നിന്ന് ആംബുലന്‍സ് ഡ്രൈവിങ് സീറ്റിലേക്ക്

ദുരന്തഭൂമിയിലെ ചിതറിയ മൃതദേഹങ്ങളുള്‍പ്പടെയുള്ള ഭയാനകമായ ദൃശ്യങ്ങള്‍ വിവരിക്കുന്നതിനിടെ പലപ്പോഴും ദീപ വിങ്ങിപ്പൊട്ടി.
deepa joseph
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുന്നു- ദീപ ജോസഫ്ഫയല്‍
Published on
Updated on

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭുമിയില്‍ നിന്ന് പരിക്കേറ്റവരെയും മരിച്ചവരെയും കയറ്റി റോഡിലെ നിരന്തരസാന്നിധ്യമായിരുന്നു ദീപയുടെ ആംബുലന്‍സ്. കേരളത്തിലെ ആദ്യത്തെ വനിത ആംബുലന്‍സ് ഡ്രൈവറാണ് ദീപ. ദുരന്തഭൂമിയിലെ ചിതറിയ മൃതദേഹങ്ങളുള്‍പ്പടെയുള്ള ഭയാനകമായ ദൃശ്യങ്ങള്‍ വിവരിക്കുന്നതിനിടെ പലപ്പോഴും ദീപ വിങ്ങിപ്പൊട്ടി.

കോഴിക്കോട് നാദാപുരം വിലങ്ങാട് സ്വദേശിയായ ദീപ മകളുടെ മരണത്തിനുശേഷം ശാരീരികമായും മാനസികമായും തളര്‍ന്നതോടെ ആംബുലന്‍സ് ഡ്രൈവിങ് ഉപേക്ഷിച്ചിരുന്നു. വയനാട്ടില്‍ ദുരന്തം സംഭവിക്കുമ്പോള്‍ ദീപ കല്ലാച്ചിയിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയിലാണ് വടകര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇകെ അജീഷിന്റെ ഫോണ്‍ വരുന്നത്. ആംബുലന്‍സും ഫ്രീസറും സംഘടിപ്പിച്ച് മേപ്പാടിയില്‍ എത്തിക്കാമോ എന്ന് ചോദിച്ചു. അവിടേയുള്ള ദുരന്തം ബാധിച്ചവരുടെ അവസ്ഥ ആലോചിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ദീപ ആംബുലന്‍സിന്റെ ഡ്രൈവിങ് സിറ്റീലേക്ക് കയറുകയായിരുന്നു.

അവിടെ കണ്ട കാഴ്ചകള്‍ ഭീകരമായിരുന്നെന്ന് ദീപ പറയുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചുവെന്ന് വിശ്വസിക്കാന്‍ തയ്യാറാകാത്ത ആളുകളെ ഞങ്ങള്‍ കണ്ടു. അതേ ആളുകള്‍ തന്നെ പിറ്റേദിവസം മുതല്‍ മോര്‍ച്ചറിയില്‍ എത്തി. കണ്ടെടുത്ത മൃതദേഹങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടേതായിരിക്കണമെന്നതായിരുന്നു അവരുടെ പ്രാര്‍ഥനയെന്നും ദീപ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരിച്ചറിയന്‍ പറ്റാത്തവിധം ശരീരഭാഗങ്ങള്‍ മാത്രമാണ് പലപ്പോഴും എത്തിയിരുന്നത്. ഇത് കണ്ടുനില്‍ക്കാനാവാതെ വന്നപ്പോള്‍ ഇവിടെ തുടരാനാവില്ലെന്ന് തോന്നിയതായും ദീപ പറഞ്ഞു. 'ഞാന്‍ നാലര വര്‍ഷത്തിലേറെയായി ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്നു. ദിവസങ്ങള്‍ പഴക്കമുള്ളതും ജീര്‍ണിച്ചതുമായ മൃതദേഹങ്ങള്‍ ഞാന്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മൃതദേഹങ്ങള്‍ തിരിച്ചറിയേണ്ടി വന്നത് അറ്റുപോയ വിരലോ അറ്റുപോയ കൈകാലോ നോക്കിയോ മാത്രം. അത് എടുക്കാവുന്നതിലും അപ്പുറമായിരുന്നു,' ദീപ പറഞ്ഞു.

'ഓരോ വീട്ടിലേയും അച്ഛനമ്മമാരേയും കുഞ്ഞുങ്ങളേയും പല വിധത്തിലാണ് ബന്ധുക്കള്‍ തിരിച്ചറിയുന്നത്. എന്റെ മകള്‍ മൈലാഞ്ചി ഇട്ടിരുന്നു, കാതില്‍ ഭംഗിയുള്ള കമ്മലുണ്ടായിരുന്നു, കാലില്‍ സ്വര്‍ണ പാദസരമുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞ് ആളുകള്‍ പൊട്ടിക്കരഞ്ഞാണ് വരുന്നത്. കൈയും കാലും തലയുമില്ലാത്ത മൃതദേഹങ്ങളുടെ അവസ്ഥയെ കുറിച്ച് ബന്ധുക്കളെ പറഞ്ഞു മനസിലാക്കാനും ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മകളെ നഷ്ടപ്പെട്ട എന്റെ സങ്കടത്തേക്കാള്‍ എത്രയോ ഇരട്ടിയിലധികം ദു:ഖം അനുഭവിക്കുന്നവരെയാണ് ഞാന്‍ കണ്ടുമുട്ടിയത്. പലപ്പോഴും മോര്‍ച്ചറിയില്‍ എത്തിച്ച ശരീരഭാഗങ്ങള്‍ മനുഷ്യരുടേതാണോ മൃഗങ്ങളുടേതാണോ എന്നുപോലും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറയുന്നു.

'ഞാന്‍ ഒരു ദിവസത്തേക്ക് തിരിച്ചുപോയി വീട്ടില്‍ തനിച്ചായിരുന്ന മകനെയും കൂട്ടിക്കൊണ്ടു വന്നു.ഇപ്പോള്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള ആംബുലന്‍സുകളെല്ലാം തിരികെ പോയി, ഞാനും ഉടന്‍ മടങ്ങും,' ദീപ പറഞ്ഞു. ദുരന്തഭൂമിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കിടയില്‍ ദീപ ഇപ്പോള്‍ പരിചിത മുഖമാണ്. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട സ്ത്രീകള്‍ അവരുടെ വേദനകള്‍ അവളുമായി പങ്കിടുന്നു. എല്ലാ വേദനകളും മാറ്റിവച്ച് അവര്‍ മകളെ കുറിച്ചോര്‍ത്ത് വിതുമ്പുന്ന ദീപയെയും ആശ്വസിപ്പിക്കുന്നു.

deepa joseph
'വീടിരുന്ന ഇടം പാറക്കല്ലുകളും മണ്‍കൂനകളും'; ഉരുളെടുത്ത ഭൂമിയില്‍ അവര്‍ വീണ്ടുമെത്തി, വയനാട്ടില്‍ ജനകീയ തിരച്ചില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com