കൊല്ലം: കൊല്ലത്ത് സൈക്കിള്‍ യാത്രക്കാരനായ ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷനല്‍ എന്‍ജിനീയര്‍ സി പാപ്പച്ചന്റെ മരണം കൊലപാതകമെന്ന് തെളിയാന്‍ കാരണം മകളുടെ പരാതി. 'എന്റെ അച്ഛന്റെ മരണത്തില്‍ സംശയമുണ്ട്. അന്വേഷിക്കണം'- എന്ന മകളുടെ പരാതിയാണ് കേസില്‍ നിര്‍ണായകമായത്.
അപകട മരണമെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. പാപ്പച്ചന് ബാങ്കില്‍ നിക്ഷേപം ഉണ്ടെന്ന് അറിയാമായിരുന്ന കുടുംബം പിന്നീട് അന്വേഷണം നടത്തിയപ്പോള്‍ ചില സംശയങ്ങള്‍ തോന്നി. തുടര്‍ന്നാണ് മകള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് വനിതാ ബാങ്ക് മാനേജര്‍ അടക്കം അഞ്ചുപേര്‍ കുടുങ്ങിയത്.
കൊല്ലം പോളയത്തോട് സ്വദേശി അനിമോനും ഹാസിഫും കടപ്പാക്കട സ്വദേശി മാഹീന്‍, തേവള്ളി സ്വദേശിനി സരിത, മരുത്തടി സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. സരിത ബാങ്ക് മാനേജരും അനൂപ് ജീവനക്കാരനുമാണ്. മേയിലാണ് അപകടം നടന്നത്. പാപ്പച്ചന്റെ മകള്‍ തൊട്ടുപിന്നാലെ പൊലീസില്‍ പരാതി നല്‍കിയതായി കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു.
സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നൂറിലധികം സിസിടിവികള്‍ പരിശോധിച്ച് വാഹനാപകടം നടന്ന സമയത്ത് റോഡിലൂടെ കടന്നുപോയ കാറിലേക്ക് അന്വേഷണം എത്തി. നീല നിറത്തിലുള്ള കാറായിരുന്നു. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം അനിമോനിലേക്കെത്തി. കാറിന്റെ അഞ്ചാമത്തെ ഉടമയായിരുന്നു അനിമോന്‍. റൗഡി ലിസ്റ്റിലുള്ള ആളായതിനാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊലപാതകരീതി വ്യക്തമായി.
വസ്തുക്കച്ചവടവും പണമിടപാടുകളും അനിമോനുണ്ടായിരുന്നു. അങ്ങനെയാണ് 2016 മുതല്‍ സരിതയുമായി സൗഹൃദത്തിലാകുന്നത്. പാപ്പച്ചനെ കൊലപ്പെടുത്തിയത് പ്രതികള്‍ കൃത്യമായ ആസൂത്രണം നടത്തിയാണെന്നും പൊലീസ് പറയുന്നു. ആശ്രാമത്തെ സ്വകാര്യ ബാങ്കില്‍ പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചന്‍ 80 ലക്ഷം രൂപയോളം നിക്ഷേപിച്ചിരുന്നു. ഈ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം. ബാങ്കിലെ പാപ്പച്ചന്റെ നിക്ഷേപത്തെക്കുറിച്ച് അറിയാവുന്ന സരിതയും അനൂപും പലപ്പോഴായി തുക കൈവശപ്പെടുത്തി. പാപ്പച്ചന്റെ പേരില്‍ ലോണുകളുമെടുത്തു. ഇതിനിടെ ബാങ്കുകാര്‍ ഓഡിറ്റില്‍ ചില തിരിമറികള്‍ കണ്ടെത്തി. സരിതയെയും അനൂപിനെയും സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പ് പാപ്പച്ചന്‍ തിരിച്ചറിഞ്ഞതോടെയാണ് കൊല്ലാന്‍ പദ്ധതി തയാറാക്കിയത്. സസ്‌പെന്‍ഷനിലായതിനുശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. പാപ്പച്ചന്‍ കുടുംബവുമായി നല്ല ബന്ധത്തില്‍ അല്ലാത്തതിനാല്‍ ആരും അന്വേഷിച്ചു വരില്ലെന്നായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ പ്രതീക്ഷ. സരിതയും അനൂപും 18 ലക്ഷത്തോളം രൂപ അനിമോനു പ്രതിഫലമായി നല്‍കിയതായി പൊലീസ് പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സരിതയും അനൂപും രണ്ട് മൊബൈല്‍ സിംകാര്‍ഡുകള്‍ വാങ്ങി. ഇതിലൂടെയാണ് അനിമോനുമായി പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ഇത് സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ പൊലീസിന് വ്യക്തമായി.പൊലീസ് സംശയിക്കുന്നതായി മനസ്സിലാക്കിയതോടെ ഇവര്‍ ഈ സിം കാര്‍ഡിലൂടെ സംസാരിക്കാതെയായി. പാപ്പച്ചന്റെ മരണത്തില്‍ സരിതയേയും അനൂപിനേയും മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും ഒഴിഞ്ഞുമാറിയ ഇവര്‍ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ഇതോടെ പൊലീസിന് സംശയം ബലപ്പെട്ടു.
ആദ്യം ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്. മൂന്നു തവണ നടത്തിയ ശ്രമത്തിലും പദ്ധതി പരാജയപ്പെട്ടു. ഇതിനു ശേഷമാണ് കാര്‍ വാടകയ്ക്കെടുത്ത് കൊലപാതകം നടത്തിയത്. പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ