കൊച്ചി: ആറു മാസമായി സംസ്ഥാനത്തു 500 രൂപയില്‍ താഴെയുള്ള മുദ്രപ്പത്രങ്ങള്‍ക്കു കടുത്ത ക്ഷാമമുണ്ടായിട്ടും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് അയച്ച് ഹൈക്കോടതി. ഹര്‍ജിയില്‍ ട്രഷറി ഡയറക്ടറും വകുപ്പ് സെക്രട്ടറിയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ചെറിയ തുകക്കുള്ള മുദ്രപ്പത്രങ്ങള്‍ ലഭ്യമല്ലാത്തത് ആവശ്യക്കാര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ പി. ജ്യോതിഷാണ് ഹര്‍ജി നല്‍കിയത്. ചെറിയ തുകയുടെ മുദ്രപത്രങ്ങളുടെ ആവശ്യത്തിനു പോലും സാധാരണക്കാര്‍ 1000 രൂപയുടെ മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ 6 മാസമായി 50, 100, 200, 500 രൂപ മുദ്രപ്പത്രങ്ങള്‍ക്കു ക്ഷാമമാണ്. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, ബോണ്ടുകള്‍, സെയില്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്ക് നൂറുരൂപ വരെയുള്ള മുദ്രപ്പത്രങ്ങളാണ് വേണ്ടത്. കുറഞ്ഞ തുകയുടെ മുദ്രപ്പത്രങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരും. ഇവ ലഭ്യമല്ലാത്തതിനാല്‍ ഉയര്‍ന്ന തുകയുടെ മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യക്കാര്‍ നിര്‍ബന്ധിതരാവുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുദ്രപ്പത്ര ക്ഷാമം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും സ്റ്റാമ്പ് പേപ്പറുകള്‍ പ്രിന്റ് ചെയ്യുന്ന നാസിക് പ്രസ്സിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുമാസമായി ഓര്‍ഡര്‍ കൊടുത്തിട്ടില്ലെന്ന വിവരാവകാശ രേഖയടക്കം ഹാജരാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ