ചെന്നൈ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് ദേശഭാഷ അതിര്‍വരമ്പുകളെല്ലാം മറികടന്ന് സഹായം പ്രവഹിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ നൂറുകണക്കിന് പേര്‍ മരിക്കുകയും നിരവധി പേര്‍ നിരാലംബരായി മാറുകയും ചെയ്ത വാര്‍ത്ത തമിഴ്‌നാട് പുതുക്കോട്ടൈയിലെ മേട്ടുപ്പട്ടി ഗ്രാമത്തില്‍ ചായക്കട നടത്തുന്ന ശിവകുമാറിനെയും വല്ലാതെ ദുഃഖത്തിലാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദുരിതബാധിതരെ സഹായിക്കാന്‍ തന്നെക്കൊണ്ട് ആവുന്നത് ചെയ്യണമെന്ന് ഭഗവാന്‍ ടീ സ്റ്റാള്‍ നടത്തുന്ന ശിവകുമാര്‍ തീരുമാനിച്ചു. ഇതു പ്രകാരം തിങ്കളാഴ്ച മൊയ് വിരുന്തു എന്ന പേരില്‍ ശിവകുമാര്‍ ഒരു ടീ പാര്‍ട്ടി സംഘടിപ്പിച്ചു. വരുന്നവര്‍ക്ക് ചായ സൗജന്യമായി നല്‍കും. കടയുടെ മുന്നില്‍ സ്ഥാപിച്ച ബോക്‌സില്‍ അവര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കാമെന്നും ശിവകുമാര്‍ അറിയിച്ചു.
12 മണിക്കൂര്‍ കൊണ്ട് 44,700 രൂപയാണ് ടീ പാര്‍ട്ടിയിലൂടെ ശിവകുമാര്‍ സമാഹരിച്ചത്. ഈ തുക വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മുമ്പും ഇത്തരത്തില്‍ പരോപകാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് 43 കാരനായ ശിവകുമാര്‍. നവജാതശിശുക്കള്‍ക്ക് ഇദ്ദേഹം സൗജന്യമായി പാല്‍ നല്‍കി വരുന്നുണ്ട്. കോവിഡ് ലോക്ഡൗണ്‍ കാലത്തും ശിവകുമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ