അങ്കോല: ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്റെ ട്രക്കിന്റേതെന്ന് സംശയിക്കുന്ന ജാക്കി കണ്ടെത്തി. ഗംഗാവലി പുഴയ്ക്ക് സമീപം കരയോട് ചേര്‍ന്നുള്ള ഭാഗത്തുനിന്നാണ് ട്രക്കിന്റെ അവശിഷ്ടം കണ്ടെത്തിയത്.
ജാക്കി തന്റെ ട്രക്കിന്റേതെന്ന് തന്നെയെന്ന് ഉടമ മനാഫ് പറഞ്ഞു. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അര്‍ജുൻ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയത്. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്.
വൈകിട്ട് നാലേകാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്.
അതേസമയം അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് 4 സഹായികൾക്കൊപ്പം വീണ്ടും തിരച്ചിൽ തുടരുമെന്ന് മൽപെ പറഞ്ഞു. കാലാവസ്ഥ അനുകൂലമാകുകയും മഴ കുറയുകയും ചെയ്തതോടെ നദിയുടെ അടിത്തട്ട് തെളിഞ്ഞുകാണാനാകുന്നുണ്ട്. അതുകൊണ്ട് തിരച്ചിൽ എളുപ്പമാകും. അർജുനെയും ലോറിയെയും കാണാതായ മറ്റു രണ്ടുപേരെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തിരച്ചിൽ മൂന്നുദിവസം തുടരുമെന്നും മൽപെ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ