കൊച്ചി: ഗുരുവായൂര്‍ ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടില്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാളെയാണ് ഗുരുവായൂര്‍ ഇല്ലംനിറ.
ദേവസ്വം ഭരണസമിതിയുടെ തീരുമാനം ദേവഹിതമാണെന്നും തന്ത്രിയുടെ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും അതിനാല്‍ ഇടപെടാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. നമസ്‌കാര മണ്ഡപത്തില്‍ തന്നെ ഇല്ലംനിറ പൂജ തുടരണമെന്ന് ആവശ്യപ്പെട്ട് പുഴക്കര ചേന്നാസ് മനയിലെ പി സി കൃഷ്ണന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് സ്‌പെഷല്‍ സിറ്റിങ്ങില്‍ ഉത്തരവിട്ടത്.
ഈ മാസം ഏഴിനാണ് ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്തത്. ഭക്തജനങ്ങള്‍ക്കുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. നെല്‍ക്കതിര്‍ കറ്റകള്‍ കൊടിമരത്തിന് ചുവട്ടില്‍ ബലിക്കല്ലിനരികില്‍ വച്ച് പൂജ ചെയ്താല്‍ പന്തീരടി പൂജ പെട്ടെന്ന് കഴിക്കാനും അതുവഴി പുലര്‍ച്ചെ 5 മുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താനും കഴിയും എന്ന് ഭരണസമിതി വിലയിരുത്തിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത്തവണത്തെ ഇല്ലം നിറ പൂജയുടെ ആലോചനാ യോഗത്തില്‍ പങ്കെടുത്ത തന്ത്രി, ദേവഹിതം അറിയിക്കുകയും ചടങ്ങുകള്‍ കൊടിമരച്ചുവട്ടിലേക്ക് മാറ്റാവുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ചിങ്ങത്തെ വരവേല്‍ക്കാനാണ് ഇല്ലംനിറ നടത്തുന്നത്. നാളെ രാവിലെ 6.18 മുതല്‍ 7.54 വരെയുള്ള മുഹൂര്‍ത്തിലാണ് ചടങ്ങ്. ഇല്ലം നിറയുടെ തുടര്‍ച്ചയായുള്ള തൃപ്പുത്തരി ഓഗസ്റ്റ് 28ന് നടക്കും. രാവിലെ 9.35 മുതല്‍ 11.40 വരെയുള്ള മുഹൂര്‍ത്തത്തിലാണ് തൃപ്പുത്തരി. പുന്നെല്ലിന്റെ അരി കൊണ്ടുള്ള പയസവും അപ്പവും ഗുരുവായൂരപ്പന് നേദിക്കും. അന്നേ ദിവസത്തെ പുത്തരി പായസം ഏറെ പ്രധാനമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ