തിരുവനന്തപുരം: സഹോദരി തന്നെ വിളിച്ചിട്ടില്ലെന്ന് കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരി തസ്മിത്ത് തംസത്തിന്റെ സഹോദരന്‍ വാഹിദ് ഹുസൈന്‍ അറിയിച്ചു. താന്‍ ചെന്നൈയിലല്ല, ബംഗലൂരുവിലാണ്. താന്‍ എവിടെയാണ് ഉള്ളതെന്ന് സഹോദരിക്ക് അറിയില്ല. തന്നെ വിളിച്ചിട്ടില്ല. തന്റെ അടുത്ത് സഹോദരി വന്നിട്ടില്ലെന്നും വാഹിദ് ഹുസൈന്‍ പറഞ്ഞു. അനുജത്തിയെ കാണാതായ വിവരം വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നു എന്നും വാഹിദ് വ്യക്തമാക്കി. ബംഗലൂരുവില്‍ ഹോട്ടല്‍ ജീവനക്കാരനാണ് വാഹിദ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. പുലര്‍ച്ചെ 5.30 ഓടെ ബീച്ച് റോഡിന് സമീപത്തു വെച്ച് പെണ്‍കുട്ടിയെ കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആ പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. തമിഴ്‌നാട് പൊലീസും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്.
കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ബാംഗ്ലൂര്‍- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് വന്ന സമയം മുതലുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. വൈകീട്ട് 3.30 മുതല്‍ 4 മണിവരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പെണ്‍കുട്ടി എത്തിയതായി കണ്ടെത്തിയിട്ടില്ല. പാറശാല വരെ കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നതായാണ് ട്രെയിനില്‍ കുട്ടിയുടെ ചിത്രമെടുത്ത് പൊലീസിനെ അറിയിച്ച യാത്രക്കാരി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാറശാലയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള സ്‌റ്റേഷനുകളിലും അന്വേഷണം നടത്തുന്നുണ്ട്.
കുട്ടി ചെന്നൈയിലേക്ക് പോയിട്ടുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചു. കുട്ടി തിരികെ തിരുവനന്തപുരത്തേക്ക് പോന്നിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്ന് തമ്പാനൂരില്‍ അടക്കം വിശദമായ പരിശോധനകളും നടത്തുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തമ്പാനൂരില്‍ നിന്നാണ് ബാംഗ്ലൂര്‍ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കയറിയതായ് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ രാവിലെ 10 മണിക്കാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഇളയസഹോദരിയുമായി വഴക്കുകൂടിയതിന് 13കാരിയെ അമ്മ ശകാരിച്ചിരുന്നു. ഇതാണ് പിണങ്ങിപ്പോകാന്‍ കാരണമെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടി 50 രൂപയുമായാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ചുവപ്പ് പാവാടയും മഞ്ഞ ടോപ്പുമാണ് വേഷം. കുട്ടിയെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
കുട്ടിയെപ്പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കുക
എസിപി സൈബർ സിറ്റി- 9497960113
കഴക്കൂട്ടം എസ് ഐ : 9497980111
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ