തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇരകള്‍ പരാതി കൊടുക്കട്ടേയെന്ന സര്‍ക്കാര്‍ നിലപാട് സങ്കടകരമെന്ന് നടി പാര്‍വതി. സര്‍ക്കാരിന്റെ പണിയും ഞങ്ങള്‍ ചെയ്യണോ?. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാല്‍ ഒറ്റപ്പെടും. സിനിമയില്‍ നിന്ന് ഇനിയും ഒഴിവാക്കപ്പെടുമെന്നും പാര്‍വതി പറഞ്ഞു. 'ഇത് ചരിത്രനിമിഷമാണ്. പിന്നിട്ടത് ആദ്യചുവടുമാത്രം പോരാട്ടം തുടരുമെന്നും മൊഴി നല്‍കിയ ഓരോ സ്ത്രീയും കടന്നുപോയ സംഘര്‍ഷങ്ങള്‍ ഓര്‍ക്കണമെന്നും പാര്‍വതി പറഞ്ഞു. റിപ്പോര്‍ട്ടുപുറത്തുവന്നതിലൂടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്ന തെറ്റിദ്ധാരണയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ തന്നെ ചോദിക്കുകയാണ് നിങ്ങള്‍ എന്തുകൊണ്ട് പൊലീസില്‍ പോയില്ല. അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചെയ്യേണ്ടത്. അതിജീവിതമാര്‍ പരാതി നല്‍കിയാലും നീതി കിട്ടുമെന്ന് എന്തുറപ്പ്. മുന്നനുഭവങ്ങള്‍ ഒന്നും പ്രതീക്ഷ നല്‍കുന്നതല്ല. അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് നമ്മളില്‍ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നതെന്നും പാര്‍വതി ചോദിച്ചു. മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, പലയിടത്തും നടപടിയില്‍ അഭാവമുണ്ടായി. എന്നാല്‍ സ്ത്രീകളുടെ അവകാശത്തെയും മൂല്യത്തെയും ചെറുതാക്കി കണ്ടു. സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് തന്നെ വിപരീതമായി കാര്യങ്ങള്‍ നടന്നുവെന്നും പാര്‍വതി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രായോഗികമായ നടപടികളിലേക്ക് ഉറ്റുനോക്കുന്നു. കോണ്‍ക്ലേവെന്നും ട്രിബ്യൂണലെന്നും പലവാക്കുകള്‍ കേള്‍ക്കുന്നു. കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തത വേണം. ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കണോ?. അത്തരം ചര്‍ച്ചയാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ നിര്‍വചനം വേണമെന്ന് പാര്‍വതി ചോദിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുട്ടികളെന്ന് പരാമര്‍ശിച്ചത് ഗൗരവമായി പരിഗണിക്കണം. പോക്‌സോ കേസ് എടുക്കാന്‍ പറ്റുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടെന്നതിന് ഞങ്ങളുടെ ജോലി നഷ്ടമാണ് തെളിവ്. ചില കാര്യങ്ങള്‍ പറഞ്ഞതിനാല്‍ തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകള്‍ ചെയ്തിട്ടും അവസരം ഇല്ലാതായൈന്നും പാര്‍വതി പറഞ്ഞു. ഞങ്ങളുമായി സൗഹൃദം ഉണ്ടെന്ന് തോന്നിയാല്‍ പോലും സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി. ആ 15 പേരുടെ പേരുകള്‍ പുറത്തുവരാതെയും അവരെ നേരിടാനാകുമെന്നും പാര്‍വതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാതിരുന്നത് അംഗങ്ങള്‍ക്ക് വലിയ സമ്മര്‍ദമുണ്ടാക്കി. ഒരുനടപടിയുമില്ലാതിരുന്ന നാലരവര്‍ഷം ശരിക്കും ശ്വാസം മുട്ടലുണ്ടാക്കി. ഡബ്ല്യുസിസി സാംസ്‌കാരിക മന്ത്രിക്ക് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി ഇനി നാലുവര്‍ഷം കാത്തിരിക്കാന്‍ വയ്യ. പ്രഖ്യാപനങ്ങള്‍ പോര, കൃത്യമായ നടപടിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും പാര്‍വതി പറഞ്ഞു
ഡബ്ല്യുസിസി രൂപീകരിച്ച ഘട്ടംമുതല്‍ ഏറ്റത് പരിഹാസങ്ങളും അപമാനങ്ങളുമാണെന്ന് പാര്‍വതി പറഞ്ഞു. ഒരുഘട്ടത്തില്‍ എനിക്കും പ്രതീക്ഷ നഷ്ടപ്പെട്ടു. തിരിച്ചുപിടിച്ചത് സംഘടനയുടെ കരുത്തിലാണ്. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും ഡബ്ല്യുസിസി വിട്ട അംഗത്തിന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും പാര്‍വതി തിരുവോത്ത് കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ