തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും വീടുവിട്ടിറങ്ങിയ പതിമൂന്നു വയസ്സുള്ള അസം ബാലികയെ രണ്ടു രാപകല്‍ നീണ്ട അന്വേഷണത്തിനുശേഷം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു കണ്ടെത്തി. കാണാതായി 37 മണിക്കൂറിന് ശേഷം താംബരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കാണാനില്ലെന്ന വാര്‍ത്തയറിഞ്ഞ് വിശാഖപട്ടണത്തെ മലയാളി സംഘടനാ പ്രതിനിധികള്‍ ട്രെയിനുകളില്‍ കയറി നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തുമ്പോള്‍ ട്രെയിനിലെ ബെര്‍ത്തില്‍ ഉറങ്ങിയ നിലയിലായിരുന്നു. രാത്രി പത്ത് മണിയോടെ കുട്ടിയെ കണ്ടെത്തിയ സംഘം റെയില്‍വേ പൊലീസിനെ ഏല്‍പ്പിച്ചു. കുട്ടിയോട് വിഡിയോകോളില്‍ മാതാപിതാക്കള്‍ സംസാരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴക്കുട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ തിരിച്ചു കൊണ്ടുവാരാന്‍ പുറപ്പെട്ടു. സംഘം നാളെ കുട്ടിയുമായി തിരച്ചെത്തും. അനിയത്തിയുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചതിനു പിന്നാലെ, ചൊവ്വാഴ്ച രാവിലെയാണ് കുട്ടി വീട്ടില്‍നിന്നിറങ്ങിയത്. വസ്ത്രങ്ങളും ബാഗും 40 രൂപയും മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ എന്നാണു വിവരം. കഴക്കൂട്ടം മുതല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്നുതന്നെ കണ്ടെത്തിയെങ്കിലും തുടര്‍ന്ന് എവിടേക്കു പോയെന്നറിയാതെ പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു.
ചൊവ്വാഴ്ച കന്യാകുമാരിക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസില്‍ കുട്ടിയുണ്ടായിരുന്നുവെന്ന് എതിര്‍സീറ്റിലിരുന്ന യാത്രക്കാരി ഇന്നലെ പുലര്‍ച്ചെ 3.15നു പൊലീസിനെ അറിയിച്ചതാണ് വഴിത്തിരിവായത്. കുട്ടി ട്രെയിനിലിരിക്കുന്ന ഫോട്ടോയും ഇവര്‍ എടുത്തിരുന്നു.
കന്യാകുമാരിയില്‍നിന്നു കുട്ടി ഇന്നലെ രാവിലെ ചെന്നൈ എഗ്മൂറില്‍ ട്രെയിനിറങ്ങിയെന്നു തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വൈകിട്ട് അവിടേക്കു പുറപ്പെട്ടിരുന്നു.
ഇതിനിടെ, എഗ്മൂറില്‍നിന്നു കുട്ടി ലോക്കല്‍ ട്രെയിനില്‍ താംബരത്തേക്കു പോയി. അവിടെനിന്നു ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസില്‍ കയറി. ട്രെയിന്‍ വിശാഖപട്ടണത്ത് എത്തിയപ്പോഴാണ് മലയാളി സംഘടനാപ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടെത്തിയത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ