കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള താരസംഘടന അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജോമോളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി ഉഷ ഹസീന. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. വനിതകളെ പ്രതിനിധീകരിച്ചു വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ സീരിയസായി സംസാരിക്കുകയും സീരിയസായി ഇടപെടുകയും വേണം. മുഖം നോക്കാതെ അഭിപ്രായം പറയുന്നവരെയും വേണം കമ്മിറ്റിയില്‍ കൊണ്ടു വരേണ്ടത്. ഉഷ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആ കുട്ടിയുടെ അറിവില്ലായ്മയാകാം. അങ്ങനെ പറഞ്ഞത് തീരെ ശരിയായില്ല എന്നാണ് തോന്നിയത്. ജസ്റ്റിസ് ഹേമ മേഡവും ശാരദ മേഡവും ഉള്‍പ്പെട്ട കമ്മിറ്റിയാണ് സിനിമാ മേഖലയില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായതെന്ന് പറഞ്ഞത്. എന്റെ മുറിയില്‍ ആരും തട്ടിയിട്ടില്ല എന്നു പറഞ്ഞത്, എനിക്കങ്ങനെ സംഭവിച്ചിട്ടില്ല, അതു കൊണ്ട്.... എന്ന വാക്കാണ് ഉള്‍ക്കൊള്ളാനേ പറ്റാത്തത്. നടി ഉഷ കൂട്ടിച്ചേര്‍ത്തു.
ജഗദീഷ് ചേട്ടന്‍ സംസാരിച്ചത് വളരെ പോസിറ്റീവ് ആയിട്ടാണ്. ഒത്തിരി സന്തോഷം തോന്നി. ജഗദീഷ് ചേട്ടന്‍ ഒരു അധ്യാപകനാണ്. രണ്ടു പെണ്‍മക്കളുടെ പിതാവാണ്. ആ പക്വതയുണ്ട്. ഇത്തരം വിഷയങ്ങളിലെല്ലാം ജഗദീഷ് ചേട്ടന്‍ ഇത്തരത്തിലാണ് പ്രതികരിക്കുക. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ വളരെ സന്തോഷം തോന്നി. എന്റെ റൂമില്‍ വന്ന് തട്ടിയിട്ടല്ലല്ലോ ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നുപറഞ്ഞത്. എന്റെ കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികള്‍ക്കുണ്ടായ മോശം അനുഭവം പറയുകയാണ് ചെയ്തത്.
മുന്‍കാലങ്ങളിലുണ്ടായതു പോലെ, കുറേ നാളുകഴിയുമ്പോള്‍ ഈ വിഷയവും പോകരുതെന്നുണ്ടെങ്കില്‍, പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ ധൈര്യസമേതം മുന്നോട്ടു വരികയാണ് ചെയ്യേണ്ടത്. ഡബ്ലിയുസിസി അംഗങ്ങളോട് പോലും പറഞ്ഞത്, അവര്‍ക്ക് ധൈര്യം കൊടുത്ത് പരാതി നല്‍കി കേസെടുപ്പിക്കാന്‍ അവരെ മുമ്പോട്ടു കൊണ്ടുവരണമെന്നാണ്. പല സ്ത്രീകളും പരാതി പറയാന്‍ മടിക്കുന്നതും മുമ്പോട്ടു വരാന്‍ മടിക്കുന്നതും മോശമായ കമന്റ്‌സ് വരുമെന്നതു കൊണ്ടാണ്. കുടുംബവുമായി ജീവിക്കുന്നവരുണ്ട്. അവരുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ വിലക്കും മിണ്ടണ്ട എന്നു പറഞ്ഞ് വിലക്കും. അതു മാറണമെങ്കില്‍ പൊതു സമൂഹവും പരാതിക്കാര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്.
പരാതി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നതെന്തിനാണ്?. അവര്‍ നിയമപരമായി മുന്നോട്ടു പോകാന്‍ തയ്യാറാകണം. അതിന് സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിമാനമല്ലേ വലുത്. പറ്റില്ല എന്നു പറഞ്ഞാല്‍ ആ അവസരം വേണ്ട എന്നു വെക്കുക. എന്തെല്ലാം ജോലി ചെയ്ത് ജീവിക്കാം. ഈ മേഖലയില്‍ തന്നെ ജീവിക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ലല്ലോ എന്നും ഉഷ പറഞ്ഞു. എന്റെ മുറിയിലൊന്നും ആരും തട്ടിയിട്ടില്ല. അവസരം വേണമെങ്കില്‍ ഇങ്ങനെ വേണമെന്ന് ആരും പറഞ്ഞിട്ടില്ല. എനിക്ക് മോശമായ അനുഭവത്തില്‍, സംവിധായകന്റെ പേരു പറയാത്തത്, അദ്ദേഹം മരിച്ചു പോയതു കൊണ്ടാണ്. മാത്രമല്ല അന്നു തന്നെ താന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഉഷ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ