ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിന് എതിരെയുള്ള ലൈംഗിക ആരോപണം വൻ വിവാദമായിരിക്കുകയാണ്. രഞ്ജിത്തിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയതോടെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. പ്രതിഷേധം ശക്തമാകുമെന്ന സൂചനയുള്ളതിനാൽ രഞ്ജിത്തിന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തി. അതിനിടെ ചലച്ചിത്ര രംഗത്തെ പവർഗ്രൂപ്പിൽ സ്ത്രീകളും ഉണ്ടാകാമെന്ന് ശ്വേതാ മേനോൻ വെളിപ്പെടുത്തി. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.
ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തി പൊലീസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കനത്തോടെയാണ് സുരക്ഷ ഏർപ്പെടുത്തിയത്. കോഴിക്കോട് ചാലപ്പുറത്തെ വീടിനാണ് പൊലീസ് സുരക്ഷ. അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ച പവർ ഗ്രൂപ്പിൽ പെണ്ണുങ്ങളും ഉണ്ടാകാമെന്ന് നടി ശ്വേത മേനോൻ. താനും വിലക്ക് നേരിട്ടുണ്ടെന്നും താരം പറഞ്ഞു. കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു.
പശ്ചിമബംഗാളില്‍ പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍ ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന് സിബിഐയുടെ അഴിമതി വിരുദ്ധ ബ്രാഞ്ച് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിനും ആശുപത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
തൃശൂരില്‍ നാലോണനാളില്‍ ഇക്കുറിയും പുലിയിറങ്ങും. പുലിക്കളി നടത്താന്‍ കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തില്‍ തീരുമാനമായി. കോര്‍പ്പറേഷന്‍ ധനസഹായവും പുലിക്കളി സംഘങ്ങള്‍ക്കു നല്‍കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ