തിരുവനന്തപുരം: നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുക്കില്ലെന്നു വ്യക്തമാക്കി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. നടി രേഖാ മൂലം പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി ആലോചിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നു രഞ്ജിത്തിനെ മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.
'ഒരു റിപ്പോർട്ടിൽ ആരോപണമോ ആക്ഷേപമോ വന്നാൽ കേസെടുക്കാൻ സാധിക്കില്ല. സുപ്രീം കോടതിയടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരാതി തന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നു ഒരു വിട്ടുവീഴ്ചയമുണ്ടാകില്ല. പരാതിയുമായി ആരെങ്കിലും വന്നാൽ അതിലെ വസ്തുത പരിശോധിക്കേണ്ടത് പൊലീസും ബന്ധപ്പെട്ട നിയമ വകുപ്പുകളുമാണ്.'
'ഇന്നലെ ബഹുമാനപ്പെട്ട രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതു മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതു സംബന്ധിച്ചു രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിയും നടിയുടെ ആരോപണവുമാണ് ഇപ്പോൾ മുന്നിലുള്ളത്. അതു സംബന്ധിച്ചു അവർക്ക് പരാതിയുണ്ടെങ്കിൽ വരട്ടെ. അപ്പോൾ അതിനനുസരിച്ചുള്ള നിയമ നടപടികൾ സർക്കാർ സ്വീകരിക്കും.'
'ഏതെങ്കിലും ഒരാൾ ആരെയെങ്കിലും പറ്റി ആക്ഷേപം ഉന്നയിച്ചാൽ കേസെടുക്കാൻ സാധിക്കുമോ. അങ്ങനെ ഏതെങ്കിലുമൊരു കേസ് കേരളത്തിൽ നിലനിന്നിട്ടുണ്ടോ. അത്തരത്തിൽ കേസെടുക്കാൻ നിലനിൽക്കില്ലെന്നു സുപ്രീം കോടതി പല ഘട്ടങ്ങളിൽ പറഞ്ഞിട്ടുണ്ട്.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ആർക്ക് ആരെക്കുറിച്ചാണോ പരാതിയുള്ള അവർക്ക് രേഖാമൂലം അതു നൽകട്ടെ. അവർ പരാതി ഉന്നയിച്ച സ്ഥിതിക്കു ഇനി പരാതി നൽകുന്നതിനു ബുദ്ധിമുട്ടില്ല. പരാതി തന്നാൽ നിയമാനുസൃതം നടപടിയെടുക്കും. ആക്ഷേപം രഞ്ജിത്ത് നിഷേധിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ അതു പരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്.'
'രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം വഹിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ പുറത്താണ്. അതു സംബന്ധിച്ചു രാഷ്ട്രീയമായി തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ആരോപണത്തിൽ വസ്തുതയുണ്ടോ എന്നതടക്കം സിപിഎം പരിശോധിക്കും. അതിനു ശേഷം രാഷ്ട്രീയമായ തീരുമാനം ഉണ്ടാകും.'
'ഒരാൾ ഒരു കുറ്റം ചെയ്തെന്നു അന്വേഷണത്തിൽ കണ്ടെത്തിയാൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. കുറ്റം ചെയ്യാത്ത ഒരാളെ രാവിലെ എഴുന്നേറ്റ് ക്രൂശിക്കാൻ സാധിക്കുമോ. നമ്മളെല്ലാം തെറ്റുകൾക്ക് അതീതരാണോ. ഏതെങ്കിലും കാരണത്താൽ അദ്ദേഹം നിരപരാധിയാണെന്നു വന്നാൽ എന്തു ചെയ്യും. അദ്ദേഹം ആരോപണം നിഷേധിച്ചു. അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മികച്ച കലാകാരനാണ്. അദ്ദേഹത്തിന്റെ സൈറ്റിലാണ് ഈ വിഷയം നടന്നതെന്നു പറയുന്നു. അപ്പോൾ അദ്ദേഹത്തിനൊപ്പം സഹ പ്രവർത്തരുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.'
'ഒരാൾ ആകാശത്തു നിന്ന് ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ സാധിക്കുമോ. സർക്കാർ ഇരകൾക്കൊപ്പമാണ്. അതിൽ വിട്ടുവീഴ്ചയില്ല. നടപടി എടുക്കണമെങ്കിൽ രേഖാമൂലം പരാതി വേണം'- മന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ