കൊല്‍ക്കത്ത: തനിക്കെതിരായ മോശം പെരുമാറ്റത്തില്‍ സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറയണമെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. തെറ്റുപറ്റി എന്നെങ്കിലും രഞ്ജിത്ത് സമ്മതിക്കണം. കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തില്‍ നിന്നും ആരെങ്കിലും സഹായിച്ചാല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ഓഡിഷന് ആയിട്ടല്ല, അഭിനയിക്കാനായിട്ടാണ് കേരളത്തില്‍ എത്തിയതെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓഡിഷനായിട്ടാണ് ശ്രീലേഖ എത്തിയതെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. നടിയോട് മോശമായി താന്‍ പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. പാലേരിമാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ബംഗാളി നടിയായ ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചത്. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് കരുതിയത്. എന്നാൽ റൂമിലെത്തിയതും രഞ്ജിത്ത് കൈയിലെ വളകളിൽ പിടിച്ചു. തുടർന്ന് രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഞെട്ടിപ്പോയ താൻ ഉടൻ മുറിവിട്ടിറങ്ങി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വൈശാല്‍ കല്ലാട്ടാണ് പരാതി നല്‍കിയത്. രഞ്ജിത്തിനെതിരായ ആരോപണം അതിഗൗരവകരമാണ്. അതിജീവിത തന്നെ ഇക്കാര്യം വെളിപ്പെടുത്തിയ സ്ഥിതിക്ക് സ്വമേധയാ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ