തിരുവനന്തപുരം: രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്നും രാജിവെച്ചതിലൂടെ ചെയ്ത തെറ്റ് സമ്മതിക്കുകയാണെന്നും ബംഗാളി നടി ശ്രീലേഖ മിത്ര. ഇനിയെങ്കിലും സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണം. അതിക്രമം നടന്നിട്ടില്ല. സമീപിച്ചത് മോശം സമീപനത്തോടെയാണ്. പെരുമാറ്റമാണ് ശരിയാവാത്തതെന്നും നടി പ്രതികരിച്ചു.
കേസെടുക്കുന്ന കാര്യത്തില്‍ കേരള പൊലീസ് തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. പൊലീസ് സമീപിച്ചാല്‍ നടപടികളോട് സഹകരിക്കുമെന്നും നിയമ സഹായം നല്‍കാന്‍ ഏറെപ്പേര്‍ ഇന്നലെ സമീപിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധിപ്പേരുണ്ട്. രാജിയില്‍ ദുഃഖവും സന്തോഷവും ഇല്ല. ഇത് അവസാനിക്കാത്ത പോരാട്ടമാണ്. ഒറ്റരാത്രികൊണ്ട്ഒന്നും മാറ്റാന്‍ കഴിയില്ല. ധൈര്യത്തോടെ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണ ലഭിക്കാറില്ല. ഇത് വളരെ പ്രധാനപ്പെട്ട സമയം. എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
രഞ്ജിത്ത് നാഷണല്‍ അവാര്‍ഡ് നേടിയ ഡയറക്ടര്‍ തന്നെയാണ്. അതിന് സംശയമില്ല. ഇതൊന്നും ഒരാളോട് മോശമായി പെരുമാറാനുള്ള കാരണമല്ല. നിരവധി പേര്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാന്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാല്‍ പുരുഷനൊപ്പം നില്‍ക്കുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ