സിനിമയിലെ ലൈംഗിക ചൂഷണം: പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്; രഞ്ജിത്തിനെതിരായ കേസ് എസ്പി പൂങ്കുഴലിക്ക്

സംവിധായകന്‍ വി കെ പ്രകാശിനെതിരെ യുവകഥാകാരി ഡിജിപിക്ക് നല്‍കിയ പരാതിയും ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും
ranjith case
എസ് പി പൂങ്കുഴലി, രഞ്ജിത്ത് ഫയൽ
Published on
Updated on

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നല്‍കിയ പരാതിയില്‍ എടുത്ത കേസ് കൊച്ചി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിലുള്‍പ്പെട്ട എസ് പി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് ലൈം​ഗിക അതിക്രമം ഉണ്ടായതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണ് അതിക്രമം നടന്നതെന്ന് നടി ശ്രീലേഖ മിത്ര പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇ-മെയില്‍ പരാതിയിലുണ്ട്. ആരോപണത്തെത്തുടർന്ന് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടി വന്നു.

സംവിധായകന്‍ വി കെ പ്രകാശിനെതിരെ യുവകഥാകാരി ഡിജിപിക്ക് നല്‍കിയ പരാതിയും ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. 2022 ൽ ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി വി കെ പ്രകാശ് അതിക്രമം കാണിച്ചെന്നാണ് കഥാകാരിയുടെ ആരോപണം. കഥ പറയാൻ ആവശ്യപ്പെട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വികെ പ്രകാശ് കടന്നുപിടിച്ചെന്നാണ് ഇവരുടെ പരാതി. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചു. തെളിവുകൾ സഹിതം കഥാകാരി ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.

നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവനടി രേവതി സമ്പത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപിച്ചത്. യുവനടിക്കെതിരെ സിദ്ദിഖ് ഡിജിപിക്ക് നല്‍കിയ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

അതിനിടെ സിനിമാമേഖലയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ക്രൈംബ്രാഞ്ച് മേധാവിയുടെ ഓഫീസിലാണ് യോഗം ചേരുന്നത്. ആരോപണം ഉന്നയിച്ചവരോട് കഴിഞ്ഞദിവസം ഫോണില്‍ വിവരങ്ങള്‍ തേടിയിരുന്നു.

ranjith case
ബംഗാളി നടിയുടെ പരാതി; രഞ്ജിത്തിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

ഐ ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ, വനിതാ പൊലീസ് ഓഫീസര്‍മാരായ ഡിഐജി എസ് അജീത ബീഗം, എസ് പി മെറിന്‍ ജോസഫ്, എഐജി ജി പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ എന്നിവരും എഐജി അജിത്ത് വി, എസ്പി എസ് മധുസൂദനന്‍ എന്നിവരും ഉൾപ്പെടുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com