കൊച്ചി: ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മുകേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. മുകേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ല. പ്രഥമദൃഷ്ട്യാ അറസ്റ്റ് ഒരു അനീതിയാകുമെന്ന് തോന്നിയതു കൊണ്ടാകണം, കോടതി അറസ്റ്റ് തടഞ്ഞതെന്ന് മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അറസ്റ്റ് തടഞ്ഞു എന്നുവെച്ചാല്‍ താല്‍ക്കാലികമായി ജാമ്യം അനുവദിച്ചു എന്നല്ല അര്‍ത്ഥം. അറസ്റ്റ്, വിചാരണയ്ക്ക് ആള്‍ ഉണ്ടെന്ന് ഉറപ്പു വരുത്താനാണ്. മുകേഷ് ഒളിച്ചുപോകുമെന്ന് സംശയിക്കേണ്ട ഒരു സാഹചര്യവുമില്ല. അദ്ദേഹം പൊതു സമൂഹത്തിന് മുന്നിലുള്ള വ്യക്തിയാണ്.
അറസ്റ്റു കൊണ്ട് അന്വേഷണ ഏജന്‍സിക്ക് പെട്ടെന്ന് ഒരു പ്രയോജനവുമില്ല. മുകേഷ് ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും പൂര്‍ണമായും തയ്യാറാണ്. നാളെ വേണമെങ്കില്‍ നാളെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും മൊഴി നല്‍കാനും, ചോദ്യം ചെയ്യലിന് തയ്യാറാകാനും മുകേഷ് തയ്യാറാണെന്നും അഡ്വ. ജിയോ പോള്‍ പറഞ്ഞു.
പൊലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്. ഇതിനിടെ മുകേഷ് രാവിലെ തിരുവനന്തപുരത്തെ വസതിയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. കാറില്‍ നിന്നും എംഎല്‍എ ബോര്‍ഡ് അഴിച്ചു മാറ്റിയാണ് മുകേഷ് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. മുകേഷിന് പൊലീസ് സുരക്ഷാ അകമ്പടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ