ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയര്‍ പറഞ്ഞു.
thiruvananthapuram-corporation-disabled-friendly-city-award
ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം മന്ത്രി ആര്‍ ബിന്ദുവില്‍ നിന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഏറ്റുവാങ്ങുന്നു
Updated on

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. ഭിന്നശേഷി ക്ഷേമ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഏറ്റെടുത്തു നടപ്പിലാക്കാന്‍ കഴിഞ്ഞെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967 രൂപ ചെലവഴിച്ചു. നഗരസഭ മെയിന്‍ ഓഫീസും സോണല്‍ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.നഗരസഭാ പരിധിയിലെ പാര്‍ക്കുകള്‍ ഭിന്നശേഷി സൗഹൃദമാണ്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയര്‍ പറഞ്ഞു.

കേള്‍വി കുറവുള്ളവര്‍ക്ക് കോക്ലിയര്‍ ഇമ്പ്‌ലാന്റേഷന്‍ പദ്ധതി നടപ്പിലാക്കി. അതോടൊപ്പം സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ഇലക്ട്രോണിക് വീല്‍ ചെയര്‍, വീല്‍ ചെയര്‍ എന്നിവ വിതരണം ചെയ്തു. വഴുതക്കാട് ഗവ. വിഎച്ച്എസ്എസ് ഡെഫ് സ്‌കൂളിലും ബ്ലൈന്‍ഡ് സ്‌കൂളിലും ആധുനിക ഓഡിയോളജി ഉപകരണങ്ങളോട് കൂടിയ ലാബ്, പ്രിന്റിങ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്ക് എന്നിവ ഉള്‍പ്പെടെ 10 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

നഗരസഭ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ടേക് എ ബ്രേക്ക് കേന്ദ്രങ്ങളും പാര്‍ക്കുകളും ഉള്‍പ്പെടെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദ സംവിധാനത്തോടെയാണ് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനത്തിന് ആവശ്യമായ പദ്ധതി സഹായവും നല്‍കി വരുന്നയായും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com