
തൃശൂര്‍: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പാലിച്ച് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ സ്മൃതിദിനം ആചരിച്ചു. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയ്ക്ക് മുന്നില്‍ തുമ്പിക്കൈ ഉയര്‍ത്തി ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഇളം മുറക്കാരന്‍ കൊമ്പന്‍ ഇന്ദ്രസെന്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.
ഇന്ന് രാവിലെ 6.30 ന് തിരുവെങ്കിടത്തു നിന്നുമാണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്ര ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് ദേവസ്വത്തിലെ 5 ആനകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്നാണ് ശ്രീവല്‍സം അതിഥിമന്ദിര വളപ്പിലെത്തി കേശവന്‍ പ്രതിമയ്ക്ക് മുന്നില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചത്.
ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍ ആണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രം ശിരസിലേറ്റിയത്. കൊമ്പന്‍ ബല്‍റാം ഗുരുവായൂരപ്പന്റെ ചിത്രവും കൊമ്പന്‍ വിഷ്ണു ഭഗവതിയുടെ ചിത്രവും ശിരസിലേറ്റി. ശ്രീവല്‍സത്തിന് മുന്നില്‍ ദേവസ്വം ആനകളായ അക്ഷയ കൃഷ്ണന്‍, ഗോപീകണ്ണന്‍, വിനായകന്‍, പീതാംബരന്‍, ദേവി എന്നിവര്‍ നേരത്തെയെത്തി കേശവന് ശ്രദ്ധാഞ്ജലി നേര്‍ന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക