പാലക്കാട്: പാലക്കാട് പനയമ്പാടം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധിച്ച് നാട്ടുകാര്‍. അപകടം ഉണ്ടാക്കിയ ലോറി വശത്തേക്ക് ഒതുക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ പൊലീസ് സൗകര്യങ്ങളൊരുക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോള്‍ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.
പനയമ്പാടം സ്ഥിരം അപകടമേഖലയാണെന്നും അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരിഹാരം വേണമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇനിയും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇനി എന്ത് ചെയ്യാന്‍ കഴിയുമെന്ന് കലക്ടറും എംഎല്‍എയും അടക്കമുള്ളവര്‍ തീരുമാനം പറയണം. അതുകഴിഞ്ഞ് വാഹനങ്ങള്‍ കടത്തി വിട്ടാല്‍ മതിയെന്നും റോഡിന്റെ അശാസ്ത്രീയ നിര്‍മ്മിതിയാണ് സ്ഥിതമായി ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥലത്തെത്തി. നാട്ടുകാരുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും വന്‍ ജനരോഷമുയര്‍ന്നതിനാല്‍ കഴിഞ്ഞില്ല. വിവിധ സ്‌കൂളുകളുടെ സ്‌കൂള്‍ ബസുകള്‍ അടക്കം ഗതാഗത കുരുക്കില്‍ കിടക്കുകയാണെന്നും വാഹനങ്ങള്‍ കടത്തിവിടാന്‍ സഹകരിക്കണമെന്ന് സ്ഥലം എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും പൊലീസും അടക്കം നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമമമാണ് നടക്കുന്നത്.
നാളിതുവരെ 55 അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ 2022 ല്‍ പറഞ്ഞതാണ് ഈ വസ്തുത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക